കേരളത്തത്തിന്റെ സ്വന്തം റോക്ക്-പോപ്-റെഗ്ഗെ ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ സംഗീതരാവ് വിയന്നയില്‍

വിയന്ന: സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ കേരളത്തിന്റെ സ്വന്തം മ്യൂസിക്ക് ബാന്‍ഡ് ‘തൈക്കുടം ബ്രിഡ്ജ്’ വിയന്നയില്‍ എത്തുന്നു. ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാസമ്മേളനത്തോടനുബന്ധിച്ചാണ് തൈക്കുടത്തിന്റെ സംഗീത സംഘം വിയന്നയിലെത്തുന്നത്.

മലയാളിയുടെ മനസ്സില്‍ കുടികൊള്ളുന്ന സംഗീത സങ്കല്പ്പങ്ങള്‍ പൊളിച്ചെഴുതി പഴമയുടെയും, പുതുമയുടെയും താളലയങ്ങള്‍ മണ്ണിനോടും നാടിനോടും അലിയിച്ചു ചേര്‍ത്ത് ആധുനികതയുടെ യന്ത്രവത്കൃത ജീവനാഡികളിലേക്ക് സന്നിവേശിപ്പിച്ച് സംഗീതത്തിന്റെ ഒരു നവസംസ്‌കാരം ലോക മലയാളികളുടെ ഇടയില്‍ ചുരുങ്ങിയ സമയം കൊണ്ട് സമ്മാനിച്ച മാജിക്കല്‍ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ് ഇന്ന്.

ഗോവിന്ദ് മേനോന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് സമ്മാനിച്ച നൊസ്റ്റാള്‍ജിയ, ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയയിലും യുറ്റൂബിലും വൈറല്‍ ഹിറ്റ് ആയി മാറി. മലയാളിയ്ക്ക് മറക്കാന്‍ കഴിയാത്ത പഴയതും, പുതിയതും, ഗൃഹാതുരത്വം തുളുമ്പുന്ന നാടന്‍ പാട്ടുകളും വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന മികച്ച കലാകാരന്മാരാണ് ഈ ഗ്രൂപ്പിന്റെ സമ്പത്ത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കുറെ പ്രൊഫഷണലുകള്‍ സംഗീതം എന്ന ഒറ്റ വികാരത്തില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ക്ക് ലഭിച്ചത് തൈക്കുടം ബ്രിഡ്ജ് എന്ന പകരം വയ്ക്കാനില്ലാത്ത ബാന്‍ഡും, ബ്രാന്‍ഡുമാണ്. ഫേസ്ബുക്കില്‍ 6 ലക്ഷത്തോളം ആരാധകര്‍ ഉള്ള ഇവരുടെ പാട്ടുകള്‍ക്കു യുറ്റുബില്‍ കോടികണക്കിന് ആസ്വാദകരെയാണ് നേടിക്കൊടുത്തത്.

ഇതിനോടകം തന്നെ ഇന്ത്യയിലെ മികച്ച ബാന്‍ഡുകളില്‍ ഒന്നായി മാറിയ സംഘം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈവ് മ്യൂസിക്കല്‍ ടൂര്‍ പ്രോഗ്രാം കാഴ്ചവെച്ചു. ഇത് ആദ്യമാണ് തൈക്കുടം ലൈവ് മ്യൂസിക്കുമായി മധ്യയൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരമായ വിയന്നയിലെത്തുന്നത്. യൂറോപ്പിന്റെ മറ്റു നഗരങ്ങളിലും സംഘം സംഗീതനിശ ഒരുക്കും.

ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ള്യു.എം.എഫ്) നവംബര്‍ 2, 3 തീയതികളില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ സമാപന ദിനം വൈകിട്ട് 6 മണിയ്ക്ക് തൈക്കുടം ബ്രിഡ്ജ് ലൈവ് ആകും. ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

വിശദ വിവരങ്ങള്‍ക്ക്:
ഫോണ്‍: 004369911320561 (ഘോഷ് അഞ്ചേരില്‍)
ഇമെയില്‍: wmfglobalmeet@gmail.com