ശ്രീപത്മനാഭനെ ദര്‍ശിക്കാന്‍ യേശുദാസിന് ക്ഷേത്ര ഭരണസമിതിയുടെ അനുമതി
തിരുവനന്തപുരം : അവസാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുാന്‍ ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് അനുമതി ലഭിച്ചു. ക്ഷേത്ര ഭരണസമിതിയാണ് ദര്‍ശനത്തിനുള്ള അനുമതി നല്‍കിയത്. ഹിന്ദുമത വിശ്വാസിയാണെന്ന യേശുദാസിന്റെ വാദം അംഗീകരിച്ചാണ് ക്ഷേത്രഭരണ സമിതി ദര്‍ശനിത്തുള്ള അനുമതി നല്‍കിയിരിക്കുന്നത്. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയിൽ ആവശ്യപ്പെട്ടത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹൈന്ദവാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്.
മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനായ യേശുദാസിന്റെ കാര്യത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉദാര സമീപനമാണ് സ്വീകരിച്ചത്. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം. നിലവില്‍ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. അതേസമയം ഇതുവരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യേശുദാസിന് അനുമതി ലഭിച്ചിട്ടില്ല.