ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി 26-ലേക്ക് മാറ്റി
കൊച്ചി:ഹൈക്കോടതിയില്‍ മൂന്നാമതും ജാമ്യ ഹര്‍ജി നല്‍കിയ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26-ലേക്ക് മാറ്റി.ഹര്‍ജിയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ വാദത്തെത്തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26-ലേക്ക് മാറ്റിയത്. എന്നാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല.
തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ജാമ്യഹര്‍ജിയുമായി മൂന്നാം വട്ടവും ദിലീപ് ഹൈക്കോടതിയിലെത്തിയത്.നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത് എന്ന വാദത്തിനു പുറമെ ഇതുവരെ ഉന്നയിക്കാത്ത പുതിയ വാദങ്ങളും ദിലീപ് കോടതിയില്‍ ഉന്നയിച്ചു.
ഇതില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്ക് അന്വഷണ ഉദ്യോഗസ്ഥ എ.ഡി.ജി.പി.ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും ,പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് അസൂയ ഉണ്ടന്നും ദിലീപ് വാദിച്ചു. 50 കോടി രൂപയുടെ സിനിമ പ്രോജക്റ്റുകള്‍ അവതാളത്തിലാണെന്നും, സംഭവത്തില്‍ താനിതുവരെ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും ദിലീപ് വാദഗതികള്‍ ഉന്നയിച്ചു. സംഭവത്തില്‍ മുഖ്യ പ്രതിയായ സുനില്‍ കുമാറിന്റെ മൊഴിയാണ് പോലീസ് വിശ്വസിക്കുന്നതെന്നും, സുനില്‍ കുമാര്‍ സ്ഥിരം കുറ്റവാളിയാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.