ജാമ്യ ഹര്‍ജിയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍. മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തുന്നത്.നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.അഡ്വ.രാമന്‍പിള്ള മുഖാന്തരമാണ് ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അന്വഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അതിന് മുന്‍പേ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ.

കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്ന പോലീസ് ഇതില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.ദിലീപിനെ കൂടാതെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരും ആസൂത്രണത്തില്‍ പങ്കാളികളായിരുന്നുവരും ആരൊക്കെയാണ് എന്നകാര്യമാണ് ഇനി അറിയേണ്ടത്.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, ഇവരുടെ സുഹൃത്തും സംവിധായകനുമായ നാദിര്‍ ഷാ എന്നിവര്‍ക്ക് കേസുമായി ബന്ധമുണ്ട് എന്ന സംശയത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ഉണ്ടാകുമെന്ന നിഗമനത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇരുവരും, ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണയിലാണ്.