കാട്ടാനയെ കണ്ടപ്പോള്‍ ഓവര്‍ സ്മാര്‍ട്ടായ വിദേശിക്ക് ആന കൊടുത്ത മുട്ടന്‍ പണി വൈറലാകുന്നു
”വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കാട്ടാന ധാരാളം ഉള്ള പ്രദേശമാണ്. റോഡില്‍ കാട്ടാനായെ കണ്ടാല്‍ മാത്രം കൈയ്യില്‍ കരുതിയിരിക്കുന്ന പഴങ്ങള്‍ അതിനു എറിഞ്ഞു നല്‍കുക. ഭക്ഷണത്തിലേക്ക് ആനയുടെ ശ്രദ്ധ തിരിയുന്ന സമയത്തില്‍ വാഹനം ചെറിയ വേഗത്തില്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുക.” ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഐറിഷ് യുവാവിനോട് ടൂറിസ്റ്റ് ഗെയിഡ് നല്‍കിയ നിര്‍ദ്ദേശങ്ങളായിരുന്നു മുകളില്‍ പറഞ്ഞ കാര്യങ്ങള്‍.
കാട്ടില്‍ സഞ്ചാരം നടത്താനെത്തിയതായിരുന്നു യുവാവ്. ഓട്ടോയിലായിരുന്നു സഞ്ചാരം. കാട്ടിലൂടെ ഓട്ടോയില്‍ സഞ്ചരിക്കവേ ഗെയ്ഡ് പറഞ്ഞതുപോലെ മുന്നിലതാ നില്‍ക്കുന്നു ഒരു കൊമ്പന്‍. ഓട്ടോയെ കണ്ട കാട്ടാന യുവാവിന് നേരെ പാഞ്ഞടുത്തു. എന്നാല്‍ ഗെയ്ഡ് പറഞ്ഞ നിര്‍ദ്ദേശങ്ങളൊന്നും ഈ യുവാവ് പാലിച്ചതേയില്ല.അതോ മറന്നു പോയതാണോ എന്നും അറിയില്ല.
ആനയെ കണ്ട ആവേശത്തില്‍ നിര്‍ദ്ദേശങ്ങളെല്ലാം മറന്ന് യുവാവ് ആനക്ക് നേരിട്ട് പഴം നല്‍കി.
യുവാവിന്റെ നേരെ പാഞ്ഞടുത്ത ആന എന്തായാലും യുവാവ് നല്‍കിയ ആഹാരത്തില്‍ ഫ്ളാറ്റായി. പക്ഷെ പഴം വാങ്ങി കഴിച്ച ശേഷം കൊമ്പന്‍ തന്റെ തനി നിറം പുറത്തെടുത്തു. പിന്നെ തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് ഓട്ടോയിലാണ്. ഓട്ടോ ഇടിച്ചുമറിച്ച് റോഡിനു നടുവിലേക്ക് തള്ളിയിട്ട ആന കലി അടങ്ങാതെ പിന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിനേയും ആക്രമിക്കാനൊരുങ്ങി.
ഈ തക്കത്തിന് ഐറിഷ് യുവാവ് ആനയുടെ കണ്‍വെട്ടത്തു നിന്ന് ഓടി മറഞ്ഞു. ആനയുടെ വരവു കണ്ട ബസും പുറകോട്ടെടുത്തു. അങ്ങനെ വലിയൊരു അപകടത്തില്‍ നിന്ന് യുവാവും മറ്റു വിനോദ സഞ്ചാരികളും രക്ഷപെട്ടു. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അയര്‍ലന്‍ഡില്‍ നിന്നു തന്നെയുള്ള ഇലേന്‍ ഹാര്‍വി എന്ന യുവതിയാണ് ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഓട്ടോയില്‍ സഞ്ചരിച്ച യുവാവിന് അപകടമൊന്നും സംഭവിച്ചില്ലെന്നും ആന കാട്ടിലേക്കു പോയ ശേഷം അതേ ഓട്ടോയില്‍ തന്നെ അയാള്‍ യാത്ര തുടര്‍ന്നെന്നും ഐലന്‍ പറയുന്നു.