അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ രണ്ടു മാസത്തോളം ബലാല്‍സംഗത്തിനിരയാക്കി; ഒടുവില്‍ ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം

ജയ്പുര്‍: പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകര്‍ രണ്ടുമാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ സിക്കാറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. നിരന്തര പീഡനങ്ങളെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ അധ്യാപകര്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ നില അപകടാവസ്ഥയിലാവുകയും ചെയ്തു. എന്നാല്‍ ഗര്‍ഭചിദ്രം നടത്തിയത് വിദ്യാര്‍ഥിനിയുടെ കുടുംബത്തെ മറച്ചു വക്കുകയും ചെയ്തു.

സ്‌കൂള്‍ സമയം കഴിഞ്ഞ ശേഷം എക്‌സ്ട്രാ ക്ലാസെന്ന പേരിലാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ സ്‌കൂളില്‍ പിടിച്ചുനിര്‍ത്തിയത്. മാനഭംഗത്തിനിരയാക്കിയ ശേഷം വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിക്ക് അനുഭവപ്പെട്ട അതികഠിനമായ വയറുവേദനയെത്തുടര്‍ന്നാണ് കുട്ടിയുമായി മാതാവ് ആശുപത്രിയിലെത്തിയത്. വിവരമറിഞ്ഞ സ്ഥലത്തെത്തിയ യാദവ് മാതാവിനെ നിര്‍ബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ മറ്റൊരു ക്ലിനിക്കിലെത്തി ഗര്‍ഭഛിദ്രം ചെയ്യിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാവിന് ഇക്കാര്യം മനസ്സിലായില്ല. ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നും മാത്രമാണു മാതാവിനോടു പറഞ്ഞത്. അതിനുശേഷം വീട്ടിലെത്തി കുട്ടിയുടെ അവസ്ഥ മോശമായപ്പോള്‍ അവര്‍ മറ്റൊരു ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവച്ചാണ് ഗര്‍ഭഛിദ്രം നടന്നതായി കുടുംബത്തിനു മനസ്സിലാകുന്നത്.

സംഭവം പുറത്തായതോടെ പോലീസ് കേസെടുത്തതിനെത്തുടര്‍ന്നു സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവും അധ്യാപകന്‍ ജഗത് സിങ് ഗുജറും ഒളിവില്‍പ്പോയി. വിദഗ്ധ ചികിത്സയില്‍ തുടരുന്ന കുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ്.