മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റ ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു

ഹൈദരാബാദ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിക(25) എന്ന യുവതിയെയാണ് ഭര്‍ത്താവ് റിഷി കുമാര്‍ അതി ദാരുണമായി കൊലപ്പെടുതിയത്.

അതെ സമയം എം.ബി.ബി.എസ് പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ഹരിക ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവ സ്ഥലം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നുവെന്ന് എ.സി.പി വേണുഗോപാല റാവു പറഞ്ഞു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം റിഷി കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹരികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാകാമെന്ന് സംശയം നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് റിഷി കുമാറും ഹരികയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഹരികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹരികയുടെ മാതാവിന്റെ പരാതിയില്‍ പറയുന്നു. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ റിഷി കുമാറിന്റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.