അക്രമ സംഭവങ്ങളില്‍ ദുഖമുണ്ട്; രോഹിന്‍ഗ്യകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൂ ചി

നയ്ചിദോ (മ്യാന്‍മര്‍): രോഹിന്‍ഗ്യ മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്നു മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി. രോഹിന്‍ഗ്യകള്‍ക്കുനേരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പലായനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂ ചി. അക്രമ സംഭവങ്ങളില്‍ അതീവ ദു:ഖമുണ്ടെന്ന് പറഞ്ഞ സൂ ചി എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

’18 മാസം പോലുമായിട്ടില്ല മ്യാന്‍മറില്‍ പുതിയ ഭരണമെത്തിയിട്ട്. 70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കന്‍ റാഖൈനില്‍ രോഹിന്‍ഗ്യ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദുഃഖമുണ്ട്.

‘വളരെ സങ്കീര്‍ണമായ രാജ്യമാണു മ്യാന്‍മര്‍. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളെയും മറികടക്കണമെന്നാണു ജനം ആഗ്രഹിക്കുന്നത്. പക്ഷേ, ഇതു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ട്. ഇവ രണ്ടും കേള്‍ക്കണം. അന്തിമ തീരുമാനമെടുക്കും മുന്‍പ് ആരോപണങ്ങളെല്ലാം കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന്’ സൂ ചി പറഞ്ഞു.

‘രാജ്യത്തെ ജനാധിപത്യം ശൈശവദശയിലാണ്. വളരെ ചെറുതും ദുര്‍ബലവുമായ രാജ്യമാണിത്. ഇവിടത്തെ അനേകം പ്രശ്‌നങ്ങളില്‍ ഒന്നു മാത്രമാണു റാഖൈനില്‍ നടക്കുന്നത്. പലതരം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരാളെ ചികിത്സിക്കുന്ന പോലെയാണ് ഇതും കൈകാര്യം ചെയ്യേണ്ടത്. വളരെ കുറച്ചുപേരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റില്ല.’ സൂ ചി ചൂണ്ടിക്കാട്ടി.

രോഹിന്‍ഗ്യകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്യുന്ന കാര്യവും ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പലായനം ഉണ്ടായതെന്നു കണ്ടെത്തണം. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും രോഹിന്‍ഗ്യ വിഭാഗങ്ങളില്‍ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരും’- സൂ ചി വ്യക്തമാക്കി.

വംശഹത്യയുടെ പേരില്‍ മ്യാന്‍മറിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തുകയും രാജ്യാന്തര സമ്മര്‍ദം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഓങ് സാന്‍ സൂ ചിയുടെ ഇടപെടല്‍. പ്രശ്‌നപരിഹാരത്തിനു സൂ ചിക്ക് ഇത് അവസാന അവസരമാണെന്നു യുഎന്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.

രാജ്യംവിട്ട രോഹിന്‍ഗ്യ മുസ്ലിംകളെ തിരിച്ചുവിളിക്കണമെന്നും സൈന്യത്തിനെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. ഐക്യരാഷ്ട്ര പൊതുസഭ ചര്‍ച്ചകള്‍ ഇന്നു തുടങ്ങാനിരിക്കെയാണു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്.

അതേസമയം, വടക്കന്‍ റാഖൈനില്‍ രോഹിന്‍ഗ്യ മുസ്ലിംകള്‍ താമസിക്കുന്ന വിദൂര ഗ്രാമങ്ങളില്‍ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. പട്ടിണിയിലും ഭീതിയിലും കഴിയുന്ന ഇവര്‍ സുരക്ഷിതമായി പലായനം ചെയ്യാന്‍പോലും കഴിയാത്ത സ്ഥിതിയിലാണ്. 4.3 ലക്ഷം രോഹിന്‍ഗ്യ മുസ്ലിംകള്‍ ഇതുവരെ രാജ്യം വിട്ടതായാണു കണക്ക്.