സെന്‍കുമാറിന്‍റെ നിയമനകേസ് ; പിണറായിയുടെ പിടിവാശി കാരണം ഖജനാവിനു നഷ്ട്ടം 20 ലക്ഷം രൂപ
സെന്‍കുമാറിന്‍റെ നിയമനകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശി കാരണം കേരളത്തിന് നഷ്ടമായത് 20 ലക്ഷം രൂപ. ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോകുവാന്‍ സര്‍ക്കാര്‍ ചെലവാക്കിയതാണ് ഇത്രയും തുക. സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ പുറമേ നിന്ന് നിയോഗിച്ച അഭിഭാഷകര്‍ക്കുള്ള ഫീസായാണ് ഇത്രയും തുക ചെലവാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സെന്‍കുമാര്‍ സ്ഥാനത്ത് തിരിച്ച് എത്തരുത് എന്ന മുഖ്യമന്ത്രിയുടെ വാശി തന്നെയാണ് സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോകുവാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചത്. വിധിയ്ക്കെതിരായ അപ്പീല്‍, ക്ലാരിഫിക്കേഷന്‍, റിവിഷന്‍ ഹര്‍ജികള്‍, സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി എന്നിവയ്ക്കായി 20,14,560 രൂപയാണ് ആകെ ചെലവ്.
സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശിന് പുറമേ മുതിര്‍ന്ന അഭിഭാഷകരായ പി.പി റാവു, ഹരീഷ് എന്‍.സാല്‍വേ, സിദ്ധാര്‍ത്ഥ് ലൂത്ര, ജയ്ദീപ് ഗുപ്ത എന്നിവരെയാണ് കേരളസര്‍ക്കാര്‍ നിയോഗിച്ചത്. ഹരീഷ് സാല്‍വേ -10 ലക്ഷം, പി.പി റാവു -4,40,000, ജയ്ദീപ് ഗുപ്ത -3,30,000(രണ്ടു ഹര്‍ജികളിലായി), സിദ്ധാര്‍ത്ഥ് ലൂത്ര -2,20,000, ജി.പ്രകാശ് -24560(എല്ലാ ഹര്‍ജികള്‍ക്കും). സുപ്രീംകോടതിയിലെ കേസുകളില്‍ കേസിന്റെ പ്രാധാന്യമനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അഡ്വക്കേറ്റ് ജനറലാണ് മുതിര്‍ന്ന അഭിഭാഷകരെ നിയമിക്കുന്നത്. ഇവരുടെ ഫീസ് മുന്‍കൂട്ടി നിശ്ചയിക്കാറില്ല. അഭിഭാഷകര്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിക്കുകയാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ വിവരാവകാശ മറുപടിയില്‍ അറിയിച്ചു. എന്നാല്‍ ഉത്തരവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇതുവരെ തുക കൈമാറിയിട്ടില്ല.