നടി ആക്രമിക്കപ്പെട്ട സംഭവം: കുറ്റപത്രം ഒക്ടോബര്‍ ആദ്യ ആഴ്ച സമര്‍പ്പിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒക്ടോബര്‍ 7-നു മുന്‍പായി പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന് തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് പോലീസിന്റെ നീക്കം.

ദിലീപ് തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കുന്നതും, നടന്‍ പുറത്തു വന്നാല്‍ അത് കേസന്വേഷണത്തെ സാരമായി ബാധിക്കുകയും ചെയ്യും എന്നതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് പോലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം. സംഭവത്തിലെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഈ നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നിയമോപദേശം തേടി.
എന്നാല്‍, കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പൊലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്

ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താവും അന്വഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ പോലീസ് ചേര്‍ക്കുക.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസിന്റെ നിലപാട്. കേസില്‍ ദിലീപിനേയും പള്‍സര്‍ സുനിയേയും സുനിയുടെ കൂട്ടാളികളേയും കൂടാതെ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോയും രാജു ജോസഫും പള്‍സര്‍ സുനിയ്ക്ക് വേണ്ടി ദിലീപിനെ ഫോണ്‍ ചെയ്ത കളമശേശരി എ.ആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി.പി അനീഷും പ്രതിയാവും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായ പള്‍സര്‍സുനിയും സംഘവും ആണ് പ്രതികള്‍. ഇപ്പോള്‍ പോലീസ് നടത്തുന്നത് കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണമാണ്.