അറബി കല്യാണം ; അഞ്ച് ലക്ഷം രൂപ നല്‍കി പതിനാറുകാരിയെ വിവാഹം കഴിച്ച 65 കാരനായ ഒമാന്‍ ഷെയ്ഖ് അറസ്റ്റില്‍

ഹൈദരാബാദിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ ഒമാന്‍ സ്വദേശിയാണ് ഹൈദ്രാബാദ്കാരിയായ പതിനാറുകാരിയെ അഞ്ചുലക്ഷം രൂപ നല്‍കി വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് പോയ മകളെ തിരികെ കൊണ്ടുവരാനായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ പുറത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ സഹോദരിയും അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്ന് പണം തട്ടിയ ശേഷം മകളെ ഷെയ്ഖിന് നിക്കാഹ് ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ ഉന്നൈസയാണ് പൊലീസില്‍ പരാതി നല്‍കിയത്. റമദാന് മുന്നോടിയായി ഹൈദരാബാദിലെ ബര്‍ക്കാസ് മേഖലയിലുള്ള ഒരു ഹോട്ടലില്‍ ഷെയ്ഖ് താമസമാക്കിയിരുന്നു. ഈ സമയത്താണ് ഇയാളുമായി സിക്കന്ദറും ഗൗസിയയും ബന്ധപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചു. 5 ലക്ഷം രൂപ നല്‍കിയാല്‍ നിക്കാഹ് നടത്താമെന്നായിരുന്നു പറഞ്ഞുറപ്പിച്ചിരുന്നത്. ഇതനുസരിച്ച് നിക്കാഹ് നടത്തുകയായിരുന്നു.

ഹൈദരാബാദിലെ ഹോട്ടലില്‍വെച്ചു തന്നെയായിരുന്നു വിവാഹം. ഇതിന് ശേഷം ഷെയ്ഖിനൊപ്പം ദിവസങ്ങളോളം പെണ്‍കുട്ടി അവിടെ തങ്ങിയിരുന്നു. മസ്‌ക്കറ്റിലെ ആഡംബര ജീവിതത്തെക്കുറിച്ചും മറ്റും പറഞ്ഞാണ് പെണ്‍കുട്ടിയെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം അറബി കല്യാണം ഇപ്പോള്‍ ഹൈദ്രാബാദില്‍ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു എന്നാണു സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ചു മുതല്‍ പത്ത് ലക്ഷം വരെ ഇത്തരം കല്യാണങ്ങള്‍ നടത്തുവാന്‍ വിദേശികള്‍ ചിലവാക്കാറുണ്ട്. പരാതികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്‍ പോലീസിനും ഈ വിഷയത്തില്‍ ഇടപെടുവാന്‍ കഴിയാറില്ല.