ലോകത്തെ ഞെട്ടിക്കുന്ന ചൈനയുടെ ഈ ഹരിത ക്യു ആര് കോഡ് സ്കാന്‍ ചെയ്യാന്‍ ആകാശത്തിലെത്തണം
കൗതുകമായി നിര്‍മ്മിതികളിലൂടെയും, വ്യത്യസ്തമായ കാഴ്കളൊരുക്കിയും ലോകത്തെ ഞെട്ടിക്കുക എന്നത് ചൈനയുടെ സ്ഥിരം പരിപാടിയാണ്.ഇപ്പോഴിതാ വീണ്ടും ലോകത്തെ അമ്പരിപ്പിക്കുന്ന ഒരു കാഴ്ചയൊരുക്കിയിരിക്കുകയാണ് ചൈന. ബാര്കോഡുകളുടെ അടുത്ത തലമുറയില്‍പ്പെട്ട ക്യുആര്‍ കോഡിന്റെ കൂറ്റനൊരു രൂപമുണ്ടാക്കി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ് ചൈന.
ഒരു ലക്ഷത്തിലേറെ മരങ്ങള്‍കൊണ്ടാണ് ക്യുആര്‍ (ക്വിക് റെസ്പോണ്‍സ്) കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ആകാശത്ത് നിന്ന് നോക്കിയാല്‍ മാത്രമേ ഈ ക്യു ആര് കോഡിന്റെ പൂര്‍ണ്ണ ചിത്രം കാണാന്‍ കഴിയു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വാന്‍ ചര്‍ച്ചയായിരിക്കുകയാണ്.
പ്രാദേശിക ടൂറിസം വികസനം ലക്ഷ്യമിട്ടു ഷിലിന്‍ഷുയി ഗ്രാമത്തിലാണ് പടുകൂറ്റന്‍ ‘ഹരിത ക്യുആര്‍ കോഡ്’ ഒരുക്കിയത്. 1,30,000 ചൈനീസ് ജൂണിപര്‍ മരങ്ങളാണ് ആകാശത്തുനിന്ന് സ്കാന്‍ ചെയ്തെടുക്കാവുന്ന ‘ക്യുആര്‍ കോഡായി’ വളര്‍ത്തിയെടുത്തത്. സ്മാര്‍ട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനുകള്‍ വഴി കോഡ് സ്കാന്‍ ചെയ്തെടുത്താല്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. ‘ഹരിത ക്യുആര്‍ കോഡ്’ നയിക്കുന്നത് ഷിലിന്ഷുയിയുടെ ടൂറിസം വെബ്സൈറ്റിലേക്കാണ്.