പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിദേശികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്ന വമ്പന്‍ റാക്കറ്റ് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെയും നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെയും വിദേശികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്ന വമ്പന്‍ റാക്കറ്റ് പിടിയില്‍. ഇത്തരത്തില്‍ വിവാഹം കഴിക്കാനെത്തിയ എട്ട് വിദേശികളടക്കം 20 പേരെ ഹൈദരാബാദില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തിയ വിദേശികളാണ് അറസ്റ്റിലായത്. വിവാഹ തട്ടിപ്പ് സംഘത്തില്‍പ്പെട്ട ഏജന്റുമാരും ലോഡ്ജ് ഉടമകളും അടക്കമുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിപ്പ് സംഘത്തില്‍നിന്ന് പോലീസ് രക്ഷപെടുത്തി. പെണ്‍കുട്ടികളും സ്ത്രീകളും അടക്കം 20 ഓളം പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിവാഹ സമയത്തുതന്നെ ഇവര്‍ പെണ്‍കുട്ടികളില്‍നിന്ന് വിവാഹ മോചനത്തിനുള്ള സമ്മതപത്രം എഴുതി വാങ്ങിയിരുന്നുവെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെയെന്ന് കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക് പണം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിദേശികള്‍ക്ക് എത്തിച്ച് നല്‍കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യ എന്നാണ് സ്ഥാനം എങ്കിലും ലൈംഗിക അടിമകള്‍ ആയി ജീവിതം മുഴുവന്‍ നരകിക്കുവാനാണ് പലര്‍ക്കും വിധി.