പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ സെന്റ് ലൂയിസില്‍ പ്രതിഷേധം ഇരമ്പുന്നു

പി.പി. ചെറിയാന്‍

സെന്റ് ലൂയിസ്: കറുത്ത വര്‍ഗക്കാരനായ ആന്റണി ലാമാര്‍ സ്മിത്ത് 2011 ല്‍ വൈറ്റ് പോലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സില്‍ ഓഫീസറെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചു സെപ്റ്റംബര്‍ 15ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ന്(സെപ്റ്റംബര്‍ 18ന്) രാവിലെ അക്രമാസക്തമായി.

പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പോലീസുക്കാര്‍ക്കു ചെറിയ തോതില്‍ പരിക്കേറ്റു. എണ്‍പതു പ്രകടനക്കാരെ പോലീസ് നീക്കം ചെയ്തു. വസ്തുവകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 15 വെള്ളിയാഴ്ചയാണ് 36ക്കാരനായ ജേസന്‍ സ്റ്റോക്കാലിയെ വിട്ടയച്ചുകൊണ്ടു ജഡ്ജി വിധി പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച തന്നെ 1000 ത്തോളം പ്രകടനക്കാര്‍ സെന്റ് ലൂയിസ് കൗണ്ടിയിലെ പ്രധാനപ്പെട്ട രണ്ടു ഷോപ്പിങ്ങ് മോളുകളിലേക്കും ഞായറാഴ്ച 100 പേര്‍ ഡൗണ്‍ടൗണിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാനാവില്ല എന്നാണ് മേയര്‍ ലിഡ ക്രൂസണ്‍ ട്വിറ്ററില്‍ കുറിച്ചത്. സമാധാന പരമായ പ്രകടനം നടത്തുന്നതില്‍ തെറ്റില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നടന്ന പ്രകടനത്തില്‍ പങ്കെടുത്ത് അക്രമണം കാണിച്ചവരെ നീക്കം ചെയ്ത് മറ്റുള്ളവരെ പ്രതിഷേധ പ്രകടനം നടത്താന്‍ അനുവദിക്കണമെന്ന് മൈക്കിള്‍ ബട്‌ലര്‍ (ഡെമോക്രാറ്റിക്ക് പ്രതിനിധി) പോലീസിനോട് അഭ്യര്‍ത്ഥിച്ചു.