ഫാ. ടോം ഉഴുന്നാലില്‍ വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തിയേക്കും: രാജ്യത്തെ കത്തോലിക്കാ ദേവാലയങ്ങളില്‍ ഇന്നു കൃതജ്ഞതാദിനം ആചരിക്കും
റോം: ഭീകരരുടെ തടങ്കലില്‍നിന്നു മോചിപ്പിക്കപ്പെട്ട വത്തിക്കാനിലുള്ള ഫാ. ടോം ഉഴുന്നാലില്‍ വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തുമെന്നു സൂചന. ഡല്‍ഹിയില്‍ എത്തിയ ശേഷം അദ്ദേഹത്തിന്റെ ബംഗളൂരുവിലെ സലേഷ്യന്‍ (ഡോണ്‍ ബോസ്‌കോ) പ്രൊവിന്‍ഷ്യല്‍ ആസ്ഥാനത്തേയാക്കിയിരിക്കും അദ്ദേഹം പോകുക. അതേസമയം ഫാ.ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടതില്‍ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു കൃതജ്ഞതാദിനമായി ആചരിക്കുമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും കണ്ട് മോചനശ്രമങ്ങള്‍ക്കു നന്ദി അറിയിക്കുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. പിന്നീട് ബംഗളൂരുവില്‍ എത്തി വിശ്രമത്തിനുശേഷമായിരിക്കും ഫാ. ടോം കേരളത്തില്‍ എത്തുക. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ റീനാറ്റ് സന്ധു ഐഎഫ്എസ് ഫാ. ടോമിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രാരേഖകള്‍ ക്രമീകരിക്കുന്ന നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.
ഇപ്പോള്‍ വിശ്രമത്തില്‍ ആയിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് അനുഭവങ്ങള്‍ പങ്കു വച്ചിരുന്നു. കുറെ നാളത്തെ വിശ്രമം ലഭിച്ചാല്‍ അദ്ദേഹം ആരോഗ്യസ്ഥിതിയിലേയ്ക്ക് തിരിച്ചു വരുമെന്നാണ് കരുതുന്നത്.
തടവില്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുകയോ മര്‍ദിക്കുകയോ ചെയ്തില്ലെന്നു ഫാ. ടോം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തടവുകാലത്ത് പുറത്തുവിട്ട വീഡിയോകളില്‍ മര്‍ദിക്കുന്നതായി കാണിക്കുന്ന രംഗങ്ങളില്‍ തന്റെ ദേഹത്ത് അവര്‍ ഉപദ്രവിച്ചില്ലെന്നും ചിത്രീകരണത്തിനുവേണ്ടി അവര്‍ മര്‍ദിക്കുന്നതുപോലെ കാണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരവസരത്തിലും വധഭീഷണിയും ഉണ്ടായില്ലന്നും അദ്ദേഹം വ്യക്തമാക്കി.