പെട്ടെന്ന് സമ്പന്നരാകാന്‍ ഒരു വയസ്സുകാരിയെ ബലികൊടുക്കാന്‍ മൂന്നംഗ സംഘത്തിന്റെ ശ്രമം; അയല്‍വാസികളുടെ സംശയം കുട്ടിയെ രക്ഷിച്ചു
ബെല്‍ഗാവി : പെട്ടെന്ന് സമ്പന്നരാകാന്‍ ഒരു വയസ്സുകാരിയെ മൂന്നംഗ സംഘം ബലികൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ അയല്‍വാസികളുടെ ഇടപെടല്‍ മൂലം അപകടം പറ്റാതെ കുട്ടി രക്ഷപ്പെട്ടു.കര്‍ണാടകയിലെ ബല്‍ഗാവിലാണ് സംഭവം. ബാഡാക്കല്‍ ഗല്ലിക്കടുത്തുള്ള ഖടെബസാറില്‍ മുഹമ്മദ് പീര്‍സാടെയുടെ മകളെയാണ് ജാവേദ് മുള്ള ഇയാളുടെ സഹോദരന്‍ ഫാറൂക്ക് മുള്ള, ഇവരുടെ അമ്മ മസാബി മുള്ള എന്നിവര്‍ ചേര്‍ന്ന് ബലികൊടുക്കാന്‍ ശ്രമം നടത്തിയത്. പീര്‍സാടെയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടക താമസക്കാരായി കഴിയുകയായിരുന്നു ഇവര്‍. നാലു കുട്ടികളെ ബലിദര്‍പ്പണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ അയല്‍വാസികളുടെ ഇടപെടലോടെ ആദ്യ ശ്രമത്തില്‍ തന്നെ ഇത് പരാജയപ്പെട്ടു.
സമ്പത്ത് കിട്ടും എന്ന വിശ്വാസത്തില്‍ കഴിഞ്ഞ മൂന്നു ദിസവമായി ആറ് അടി നീളവും നാല് അടി വീതിയുമുള്ള കുഴിയാണ് മുള്ളമാര്‍ അവരുടെ വീട്ടിന്റെ അകത്ത് കുഴിച്ചത്. തിങ്കളാഴ്ച രാവിലെ പീര്‍സാടെ ജോലിക്കു പോയ സമയത്താണ് മസാബി മുള്ള കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയത്.
കൊല്ലാന്‍ ഒരുങ്ങിയപ്പോള്‍ കുട്ടി കരഞ്ഞ് ബഹളം വെച്ചതു മൂലമാണ് അയല്‍വാസികള്‍ക്ക് സംശയം തോന്നിയത്. ഉടന്‍തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി. അപ്പോഴാണ് വീട്ടില്‍ വലിയ കുഴിയും ബലി നടക്കുന്നതിനുള്ള ചടങ്ങുകളും കണ്ടത്. ആളുകള്‍ അതിക്രമിച്ചു കയറിയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് മൂന്നു പേരും പുറത്തേക്കിറങ്ങി ഓടി.
കഴിഞ്ഞ മൂന്നു ദിവസമായി കുട്ടിയെ എന്നും അവര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുമായിരുന്നെന്ന് പീര്‍സാടെ പോലീസിനോട് പറഞ്ഞു. പോയ ദിവസങ്ങളിലെല്ലാം കരഞ്ഞുകൊണ്ടാണ് മകള്‍ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ തനിക്കിതില്‍ ചില സംശയങ്ങള്‍ തോന്നിയിരുന്നെങ്കിലും അത് കാര്യമായെടുത്തില്ലെന്നും പീര്‍സാടെ പറയുന്നു.
മുള്ള കുടുംബം കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നും മറ്റുള്ളവരോടും ഇത്തരത്തില്‍ അന്ധവിശ്വസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലിദര്‍പ്പണ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പല സാധനങ്ങളും പൊലീസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.