ആണ്‍ കുട്ടികളോട് സംസാരിച്ചതിന് മകളെ അച്ഛന്‍ ചുമരില്‍ മുഖമടിച്ച് കൊന്നു

ഹൈദരാബാദ്: ആണ്‍കുട്ടികളോട് ഇടപഴകുകയും സംസാരിക്കുകയും ചെയ്തതിന് അച്ഛന്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചും ചുമരില്‍ മുഖം അടിച്ചും കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പിന്നീട് മൃതദേഹത്തിന് തീയിട്ടു.

തെലങ്കാന നല്‍ഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് അച്ഛന്റെ ദുരഭിമാനകൊലക്ക് മകള്‍ ഇരയായത്. സ്‌കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി മകള്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് ക്രൂര കൃത്യം ചെയ്യാന്‍ പിതാവ് നരസിംഹയെ ചൊടിപ്പിച്ചത്. സ്‌കൂള്‍ സമയം കഴിഞ്ഞ് മകള്‍ വീട്ടിലെത്തിയ ഉടന്‍ അച്ഛന്‍ ഇതിനെ കുറിച്ച് ചോദിച്ച ശേഷo പെണ്‍കുട്ടിയുടെ തല ചുമരിനോട് ചേര്‍ത്ത് അടിക്കുകയും കഴുത്തു ഞെരിക്കുകയുമായിരുന്നു.

കുടുംബത്തിന് മാനക്കേട് ഉണ്ടാക്കുന്നു എന്ന് പറഞ്ഞ ശേഷമായിരുന്നു മര്‍ദ്ദനം.
പിന്നീട് കുട്ടിയുടെ മൃതദേഹം ഭാര്യ ലിംഗമ്മയുടെ സഹായത്തോടെ നരസിംഹ തീയിടുകയായിരുന്നു. ശവസംസ്‌കാരത്തിന് എളുപ്പം തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

‘ശരീരത്തിന് തീപിടിച്ചാല്‍ അപകടത്തില്‍പെട്ടയാള്‍ ഒരു സ്ഥലത്ത് തന്നെ നില്‍ക്കാതെ ഓടും . ഇങ്ങനെ ഓടുമ്പോള്‍ ചുറ്റിലുമുള്ള വസ്തുക്കള്‍ക്ക് തീപിടിക്കും. ഇത്തരത്തിലുള്ള സൂചനകളൊന്നും സമീപത്ത് നിന്ന് ലഭിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് പ്രഥമ ദൃഷ്ട്യാ തോന്നാന്‍ കാരണം’, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു

ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.