ഇന്ധനവില വര്‍ധന രാജ്യ വികസനത്തിന് പണം കണ്ടെത്താനെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്. രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം. ഇന്ധന വിലയില്‍ നികുതി വരുമാനം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറല്ലെന്നും അമേരിക്കയില്‍ വീശിയടിച്ച ഇര്‍മ്മ ചുഴലിക്കാറ്റ് എണ്ണ സംസ്‌കരണത്തില്‍ ഇടിവുണ്ടാക്കിയതും ഇന്ധനവില കൂടാന്‍ ഇടയാക്കിയെന്ന് ജയ്റ്റ്‌ലി പറഞ്ഞു.
ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു.