ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്നും അറുനൂറു പേരുടെ അസ്ഥികൂടം കണ്ടെത്തി; മോക്ഷം പ്രാപിച്ചവരുടേതാണെന്ന് അനുയായികള്‍

ഹരിയാന: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്നും വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തി.
ദേരാ സച്ച സൗദ ആസ്ഥാനത്ത് ഗുര്‍മീതിന്റെ  വസതിക്കരികില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറുനൂറ് പേരുടെ അസ്ഥികൂടം കണ്ടെത്തിയത്.

ഇത് മോക്ഷം പ്രാപിച്ചവരുടേതാണെന്നാണ് ഗുര്‍മീത് അനുയായികള്‍ പറയുന്നത്.
എന്നാല്‍ ഇത് ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ, മാനഭംഗത്തിനരയായവരുടേതോ ആകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ നടത്തിയ തെരച്ചിലിലും ആശ്രമവളപ്പില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു.

ഗുര്‍മീതിന്റെ അറസ്റ്റിനു ശേഷം ദേര സച്ചയില്‍ പോലീസ് നടത്തി വരുന്ന തെരച്ചിലില്‍ പുറം ലോകത്തെ ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.