പൊലീസിന് പി.സി.ജോര്‍ജ്ജിന്റെ വക ‘ചെക്ക്’ ജോര്‍ജ്ജിനെതിരെ കേസെടുത്ത നെടുമ്പാശ്ശേരി പോലീസ് ആശയക്കുഴപ്പത്തില്‍

കൊച്ചി: കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുക എന്ന് നാട്ടിന്‍പുറങ്ങളില്‍ ഒരു ചൊല്ലുണ്ട്. അത്തരത്തിലാണ് പി. സി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ, യുവജന പ്രസ്ഥാനം ‘യുവജനപക്ഷം’ നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

നടിയുടെ പേര് വെളിപ്പെടുത്തിയ പ്രശസ്ത സിനിമാ താരങ്ങളായ കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫലി എന്നിവരും തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിനുമെതിരെ സെക്ഷന്‍ 228(എ) പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡന്റ് ജീവന്‍ പനക്കലാണ്. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയതിന് സെക്ഷന്‍ 228(എ) പ്രകാരം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരത്തെ കേസെടുത്തിരുന്നു.

തമിഴ്നാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദിനമലര്‍’ എന്ന പത്രത്തില്‍ നടിയുടെ പേര് പരാമര്‍ശിക്കുന്ന പത്രത്തിന്റെ കോപ്പിയും, കമലഹാസന്‍,മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, ആസിഫലി എ. എ.എന്‍. ഷംസീര്‍ എന്നിവര്‍ പേര് വെളിപ്പെടുത്തുന്നതിന്റെ വീഡിയോയും, ഫേസ്ബുക്ക് പോസ്റ്റിന്റെ കോപ്പിയും, ശബ്ദരേഖയുമടക്കം തെളിവികള്‍ നിരത്തിയാണ് യുവജനപക്ഷം ജില്ലാ പ്രസിഡന്റ് ജീവന്‍ പനക്കല്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്ന തുല്ല്യ നീതിയെക്കുറിച്ചും, കമലഹാസനെ പോലെ ഒരു മഹാനടനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടി വന്നതില് ഖേദവും പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.

പരാതിയുടെ പൂര്‍ണ്ണ രൂപം: