ദില്ലി മെട്രോയില്‍ മൊബൈല്‍ മോഷണം സ്ഥിരം തൊഴിലാക്കിയ ഒരു കുടുംബത്തിലെ 14 കള്ളന്‍മ്മാരെ പൊലീസ് അറസ്റ്റ് ചെയ്തു
ദില്ലി : ദില്ലി മെട്രോ കേന്ദ്രീകരിച്ച് യാത്രക്കാരുടെ മൊബൈല്‍ മോഷണങ്ങള്‍ നടത്തുന്ന ഒരു കുടുംബത്തിലെ 14 പേരെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യുന്ന സമയത്ത് ഒന്‍പതു മൊബൈല്‍ ഫോണുകളാണ് ഇവരുടെ കൈയ്യില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.
കൂട്ടുകുടുംബത്തിലെ അംഗങ്ങളായ ഇവരുടെ കൂട്ടത്തില്‍ പുരുഷന്മാര്‍ മാത്രമാണ് മൊബൈല്‍ മോഷണം സ്ഥിരം തൊഴിലാക്കിയിരിക്കുന്നത്. മെട്രോ കേന്ദ്രീകരിച്ച് മാത്രം 20 മുതല്‍ 25 മൊബൈലാണ് ഇവര്‍ ഒരുദിവസം മോഷ്ടിക്കുന്നത്. നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ പൊലീസിന് ലഭിച്ചത്. എന്നാല്‍ ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളണെന്ന് ആദ്യമായാണ് പൊലീസ് തിരിച്ചറിഞ്ഞത്.
മെട്രോയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചതിന് ബച്ചന്‍ സിങ്ങ് എന്നയാളെ അറസ്റ്റ് ചെയ്തതിലൂടെയാണ് പൊലീസിന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. കൂട്ടാളികളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മോഷണ കുടുംബത്തിന്റെ ഞെട്ടിക്കുന്ന കഥ പൊലീസ് അറിയുന്നത്. മോഷണം കഴിഞ്ഞ് സബ്‌സി മണ്ടി പോലീസ് സ്റ്റേഷന്റെ അടുത്തുള്ള പാര്‍ക്കില്‍ ബാക്കി പതിമൂന്ന് പേരും ചേര്‍ന്ന് അടുത്ത മോഷണത്തെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് പിടികൂടുന്നത്.
ഇവരുടെ ഗ്രാമത്തിലെ പലരും മോഷണം തൊഴിലായി സ്വീകരിച്ചവരാണ്. എന്നാല്‍ ഇവര്‍ മാത്രമാണ് കൂട്ടമായി മോഷണം നടത്തുന്നതെന്ന് പൊലീസ് പറയുന്നു.