വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷങ്ങളില്‍ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും
സൂറിച്ച്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങളില്‍ അഭൗമ സംഗീതത്തിന്റെ നിറവസന്തം വിരിയിക്കാന്‍ ‘തൈക്കൂടം ബ്രിഡ്ജ്’ വശ്യമധുര ഈണങ്ങളുമായ് സൂറിച്ചില്‍ എത്തുന്നു.
മലയാളിയുടെ തനതു സംഗീത രുചികളില്‍ ആധുനിക സംഗീതത്തിന്റെ ചടുല താളങ്ങള്‍ സന്നിവേശിപ്പിച്ച്, നവയുഗ ഇന്ത്യന്‍ സംഗീതത്തിന് പുതു ഊര്‍ജം നല്കിയ മാന്ത്രിക സംഗീത പ്രതിഭകള്‍ ‘തൈക്കൂടം ബ്രിഡ്ജ്’ സൂറിച്ചിന്റെ രാവിനെ സംഗീത സാന്ദ്രമാക്കാന്‍ 2017 നവംബര്‍ 4 ന് എത്തുകയാണ്.
‘തൈക്കൂടം ബ്രിഡ്ജ്’ എന്നത് എറണാകുളത്തെ ഒരു സാധാരണ പാലം മാത്രമായിരുന്നെങ്കില്‍ ഇന്നത് ലോകമെങ്ങും അറിയപ്പെടുന്നത് മാസ്മരസംഗീതത്തിന്റെ മറുപേരായാണ്. യുട്യൂബില്‍ വൈറല്‍ ആയ അവരുടെ ഗാനങ്ങളെല്ലാം നേരിട്ടനുഭവിക്കാനുള്ള അസുലഭ സന്ദര്‍ഭമാണ്, വേള്‍ഡ് മലയാളീ കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി യൂറോപ്പിലെ കലാപ്രേമികള്‍ക്കു സമ്മാനിക്കുന്നത്.
നൊസ്റ്റാള്‍ജിയ എന്ന അവരുടെ ഗാനത്തില്‍ കോര്‍ത്തിണക്കപ്പെടുന്ന പച്ചക്കറികളും, താരാട്ടുപാട്ടുകളും എല്ലാം, ബാല്യകൗമാരയൗവ്വന പ്രണയഭാവനകളുടെ ഗൃഹാതുര സ്മരണകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. കാല്പനിക ഭാവുകത്വത്തിന്റെ വശ്യചാരുത കൈവരിക്കുന്ന അവരുടെ ഗാനങ്ങള്‍ ഇമ്പമേറുന്ന ഈണങ്ങളുടെ നിറവസന്തം വിരിയിച്ച്,ഭാവരാഗതാളലയമായ് സൂറിച്ചില്‍ പെയ്തിറങ്ങും.
ജീവിതത്തിലുടനീളം ഭഗ്നസ്വപ്നങ്ങളെ പിന്തുടരുന്ന ഒരു കലാകാരന്റെ പ്രത്യാശാഭരിതമല്ലാത്ത യാത്രയുടെ വഴികള്‍ കാണിച്ചു തരുന്ന ‘നവരസം’ എന്ന ഗാനസൃഷ്ടി കലാപ്രേമികളുടെ പ്രശംസ ഒട്ടൊന്നുമല്ല ഏറ്റുവാങ്ങിയത്. കലയോടും കലാകാരനോടുമുള്ള സമൂഹത്തിന്റെ നീരസത്തെയും കൂടിയാണ് ഈ ഗാനം സൂചിപ്പിക്കുന്നത്. ഇശൈജ്ഞാനി ഇളയരാജയെയും, മദ്രാസിന്റെ മൊസാര്‍ട്ട് എന്നറിയപ്പെടുന്ന എ. ആര്. റഹ്മാനെയും വരെ തങ്ങളുടെ സംഗീത പ്രതിഭയാല്‍ വിസ്മയിപ്പിച്ച്, മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ‘തൈക്കൂടം ബ്രിഡ്ജ്’.
വേള്‍ഡ് മലയാളീ കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് എല്ലാവര്‍ഷവും നടത്തിവരാറുള്ള കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായാണ് ‘തൈക്കൂടം ബ്രിഡ്ജ്’ സൂറിച്ചില്‍ എത്തിച്ചേരുന്നത്. യൂറോപ്പിലെ മറ്റു പല നഗരങ്ങളിലും ഇവരുടെ സംഗീത നിശകള്ക്കായ് വേദികള്‍ ഒരുങ്ങുന്നുണ്ട്. സംഗീത പ്രേമികള്‍ക്കു നേരത്തെതന്നെ ടിക്കറ്റുകള്‍ കരസ്ഥമാക്കി സീറ്റുകള്‍ ഉറപ്പാക്കാന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ശബ്ദ, സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ 18 ല്‍ പരം കലാകാരന്മാര് അണിനിരക്കുന്ന ഈ സംഗീത നിശ സൂറിച്ച് കന്റോണിലെ റാഫ്സ് എന്ന മനോഹര ഗ്രാമത്തില്‍ നൂതനവും വിശാലവുമായ ഹാളിലാണ് അരങ്ങേറുന്നത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും പരിപാടിക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .
പരിപാടി ഒരു വലിയ വിജയമാക്കി മാറ്റുന്നതിനുവേണ്ടി, ചെയര്മാന് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, പ്രസിഡന്റ് ജോസ് വള്ളാടിയില്‍, സെക്രട്ടറി ബാബു വേതാനി, ട്രെഷറര്‍ ബോസ് മണിയംപാറയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോമി തൊണ്ടാംകുഴി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .
കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വന്‍ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയില്‍ വിവിധ കണ്വീജനര്മാരായി ജോയ് കൊച്ചാട്ട്, ജോബിന്സണ് കൊറ്റത്തില്‍, ജോഷി പന്നാരക്കുന്നേല്‍, ജോണി ചിറ്റക്കാട്ട്, ജോര്ജ്നമ്പുശ്ശേരില്, ജോഷി താഴത്തുകുന്നേല്‍, ആല്‍ബി ജോസഫ്, ബാബു കാശാംകാട്ടില്‍, തോമസ് പോള്‍, റോസിലി ചാത്തങ്കണ്ടം, സിറിയക് മുടവംകുന്നേല്‍, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടില്‍, മോളി പറമ്പേട്ട്, മിനി ബോസ് മണിയംപാറയില്‍, സ്മിത നമ്പുശ്ശേരില്‍ എന്നിവര്‍ ചുമതലയേറ്റു.
WMC സ്വിസ് പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷത്തിലേക്കും സംഗീത വിരുന്നിലേക്കും എല്ലാ കലാപ്രേമികളെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.