‘ഇത്ര ക്രൂരമായി ശിക്ഷിക്കരുത് ടീച്ചറെ’ അന്ത്യാഭിലാഷം കുറിച്ച ശേഷം അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ഗോരഖ്പുര്‍: അധ്യാപിക ക്രൂരമായി ശിക്ഷിച്ചതില്‍ മനംനൊന്ത് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ‘ഇനി ആരെയും ഇത്ര ക്രൂരമായി ശിക്ഷിക്കരുതെന്ന’ അഭ്യര്‍ഥന എഴുതി വെച്ചാണ് കുട്ടി ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.

ഗോരഖ്പൂരിലേ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് മരിച്ചത്. ‘ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയൂ’ എന്നാണ് അന്ത്യാഭിലാഷമെന്നവണ്ണം നവനീത് എഴുതി വെച്ചത്.

സെപ്റ്റംബര്‍ 15ന് കുട്ടി പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ പോയ കുട്ടി വീട്ടിലെത്തിയത് മുതല്‍ അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

കുട്ടിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നല്‍കിയിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.