”നിനക്കറിയില്ലേ അവനൊരു അന്യ സമുദായക്കാരനാണെന്ന്” മുസ്ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ ബിജെപി നേതാവ് പരസ്യമായി കരണത്തടിച്ചു;

ആഗ്ര: മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് ബി.ജെ.പി വനിത നേതാവ് പെണ്‍കുട്ടിയെ പരസ്യമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയുന്ന വീഡിയോ ചര്‍ച്ചയാകുന്നു. ബി.ജെ.പി മഹിള മോര്‍ച്ച അലിഗഡ് പ്രസിഡന്റ് സംഗീത വൈഷ്‌ണോയിയാണ് സദാചാരവാദത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചത്. ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാതെ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തിപെണ്‍കുട്ടിയെ പരസ്യമായി തല്ലാനും മഹിളാ നേതാവ് ആവശ്യപ്പെട്ടു.

യുവാവുമായി സംസാരിച്ചു നില്‍ക്കെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഇരുവരെയും വളഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.കുറച്ച് നാളുകളായി ഇരുവരേയും ഹിന്ദുവാഹിനി പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയായിരുന്നു. തെറ്റായ ബന്ധത്തിലേര്‍പ്പെട്ട ഇവരെ കൈകാര്യം ചെയ്യുന്നതും പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നതും സ്വാഭാവിക കാര്യം മാത്രമാണെന്നാണ് ഹിന്ദു വാഹിനി പ്രവര്‍ത്തകരുടെ നിലപാട്.

താന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും തന്നോടൊപ്പമുള്ളയാളുമായി രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. കുടംബത്തിന് ഇതേക്കുറിച്ച് അറിയില്ലെന്ന പ്രസ്താവനയാണ് സംഗീതയേയും സംഘത്തേയും ചൊടിപ്പിച്ചത്. മുഹമ്മദ് ഫൈസാന്‍ എന്ന യുവാവിനെ കാണാനായി പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കാതെ ഇടക്കിടെ നഗത്തില്‍ വരാറുണ്ടെന്നും സംഗീത പറഞ്ഞു.

ഹിന്ദുസേന വനിതാസംഘടനയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റാണ് താനെന്നായിരുന്നു സംഗീത അവകാശപ്പെട്ടത്. എന്നാല്‍ മഹിള മോര്‍ച്ചയുടെ മുന്‍ സിറ്റി പ്രസിഡന്റ് മാത്രമാണ് സംഗീതയെന്നാണ് ബി.ജെ.പി വക്താവ് ശൈലേന്ദ്ര ഗുപ്ത അറിയിച്ചത്.

ട്വിറ്റര്‍ ലിങ്ക്