മദ്യപിക്കാനും ആധാര്‍ നിര്‍ബന്ധം; വിരലടയാളവും പതിപ്പിക്കേണ്ടിവരും, എക്‌സൈസ് വകുപ്പിന്റേതാണ് നടപടി

 

എല്ലാത്തിനും ആധാര്‍ ആണ് ഇപ്പോള്‍ കാര്യം സ്വകാര്യത മൗലികാവകാശം എന്നതൊക്കെ അവിടെ നില്‍ക്കട്ടെ എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാണ്.

തെലങ്കാന എക്‌സൈസ് വകുപ്പിന്റേതാണു നടപടി. ഹൈദരാബാദില്‍ പബ്ബുകളിലെ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. പബ്ബുകളില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനായാണു നടപടിയെന്നാണു വിശദീകരണം.

പബ്ബുകളില്‍ ആരൊക്കെ വന്നുപോകുന്നെന്നു അറിയാന്‍ നിലവില്‍ സംവിധാനമില്ല. നിയമമനുസരിച്ച് 21 വയസ്സ് തികയാത്തവര്‍ക്കു മദ്യം വില്‍ക്കാന്‍ പാടില്ല. ഈ ചട്ടം പല പബ്ബുകളും ലംഘിക്കുന്നുവെന്നാണു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പുതിയ നീക്കം നടത്തുന്നത്. പതിനേഴുകാരിയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത മറ്റുള്ളവരും പബ്ബുകളില്‍ സന്ദര്‍ശകരായിരുന്നു എന്നും മദ്യപിക്കുമായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

അതേസമയം, നിരവധി പബ്ബുകളില്‍ നടത്തിയ റെയ്ഡില്‍ എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നഗരത്തിലെ 14 പബ്ബുകളുടെയും എഫ് ക്ലബിന്റെയും ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി.