ഒകുഹാരെയും സിന്ധുവും ബദ്ധവൈരികളാകുന്നു; ഇത്തവണ സിന്ധു മുട്ടുമടക്കി, ഇനി ആധിപത്യം എന്ന്

ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. കൊറിയന്‍ ഓപ്പണിലെ വിജയം ആവര്‍ത്തിക്കാന്‍ സിന്ധുവിനായില്ല. ജപ്പാന്റെ നൊസാമി ഒകുഹാരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 18-21, 8-21. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധുവും ഒകുഹാരയും നേര്‍ക്കുനേര്‍ വരുന്നത്.

കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ്  സിന്ധു പകരം വീട്ടി  കിരീടം സ്വന്തമാക്കിയത്. ഇതിനു തൊട്ടുമുമ്പ് നടന്ന ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു.

ജപ്പാന്റെ മിനാറ്റ്‌സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജപ്പാന്‍ സീരിസില്‍ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 12-21, 15-21, 21-17. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ ഒരു സെറ്റിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു സിന്ധുവിന്റെ വിജയം. അതേസമയം ഇന്ത്യയുടെ തന്നെ സൈന നെഹ്വാളും കിഡംബി ശ്രീനാഥും ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.