കെജ്രിവാളെത്തി; കമല്‍ ഹാസനുമായി കൂടിക്കാഴ്ച ഉടന്‍, സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെ

ചെന്നൈ: നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കേജ്രിവാള്‍ ചെന്നൈയിലെത്തി. കമല ഹാസന്റെ മകള്‍ അക്ഷര ഹാസനാണ് കെജ്രിവാളിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. അല്‍പ്പ സമയത്തിനകം കമലിന്റെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തും. കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അരവിന്ദ് കേജ്രിവാള്‍ കമല്‍ ഹാസനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നറിയിച്ചത്.

രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് പറഞ്ഞതിന് ശേഷം തന്റെ നിറം കാവിയല്ലെന്നു പ്രഖ്യാപിച്ച കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പരീക്ഷണവേദിയായി ആം ആദ്മിയെ തെരഞ്ഞെടുക്കുമോ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളടക്കം ഏവരും ഉറ്റുനോക്കുന്നത്. രണ്ടുപേരുടെയും കൂടിക്കാഴ്ച പൂര്‍ണമായും രാഷ്ട്രീയമാണെന്ന് ആം ആദ്മി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വലിയകാര്യം പ്രതീക്ഷിക്കാമെന്നു കൂടി അവരുടെ വാക്കുകളിലുണ്ട്.

രാജ്യത്തെ കാവിരാഷ്ട്രീയത്തില്‍നിന്നു രക്ഷിക്കാന്‍ കമലും കേജ്രിവാളും കൈകോര്‍ത്താല്‍ അദ്ഭുതമില്ല.