ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പു വച്ചു
ന്യൂയോര്‍ക്ക്: ലോകത്തെ ആണവായുധ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച സുപ്രധാന കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പു വച്ചു. അതെ സമയം പ്രധാന ആണവശക്തികള്‍ കരാറിനെ തള്ളിക്കളഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ കരാറിന് അംഗീകാരം നല്‍കിയതു ചരിത്രപരമായ വിജയമാണെന്ന് ആണവവിരുദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളും പ്രകോപനങ്ങളും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന വേളയില്‍, ഇത്തരമൊരു കരാര്‍ നിര്‍ണായകമാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്തൊനീഷ്യ, അയര്‍ലന്‍ഡ് എന്നിവയാണ് പുതുതായി കരാറിനെ അംഗീകരിച്ചവര്‍. ഗയാന, തായ്ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. കരാറില്‍ ഒപ്പുവച്ച 50 രാഷ്ട്രങ്ങളില്‍, യാതൊരു തരത്തിലും ആണവായുധം നിര്‍മിക്കുകയോ പരീക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്യാനാവില്ല.
രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനെതിരെ അമേരിക്കയാണ് ആദ്യമായി ആണവായുധ പ്രയോഗം നടത്തിയത്. പിന്നീട് വിവിധ രാജ്യങ്ങള്‍ ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കെതിരെയും പ്രയോഗിച്ചിട്ടില്ല. എന്നാല്‍, ആദ്യ ആണവായുധ പ്രയോഗത്തിന് ഏഴു പതിറ്റാണ്ടായ ഇക്കാലത്ത് പല രാജ്യങ്ങളിലായി അതിനേക്കാള്‍ 15,000 യൂണിറ്റ് അണ്വായുധ ശേഖരമുണ്ടെന്നാണു കണക്ക്.
‘ഈ കരാര്‍ ആണവമുക്ത ലോകം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ്. ശീതയുദ്ധ കാലത്തിനുശേഷം ഇപ്പോള്‍ വീണ്ടും ആണവായുധ ഭീഷണിയിലാണ് ലോകം’- ഗുട്ടെറസ് പറഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ട ആണവ നിര്‍വ്യാപന ഉടമ്പടി ശക്തമാക്കാന്‍ ലോക രാഷ്ട്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പുതിയ കരാറിനു സാധിക്കുമെന്നാണ് പ്രതീക്ഷ.