പിവിഅന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ചട്ടം പാലിച്ചുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ പാര്‍ക്കില്‍ ഇല്ലെന്നും അതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നും മലിനീകരണ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ചയയ്ക്കകം പാര്‍ക്കിന്റെ അപാകതകള്‍ പരിഹരിക്കണമെന്നും മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാതെ വന്നാല്‍ പാര്‍ക്കിന്റെ അനുമതി റദ്ദാക്കുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മലിനീകരണ ബോര്‍ഡ് പാര്‍ക്ക് പരിശോധിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
മാലിന്യ നിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയത്. അനധികൃതമായാണ് പാര്‍ക്ക് സ്ഥാപിച്ചതെന്ന ആരോപണം ശക്തമായിരിക്കെ ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് റവന്യൂമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ഭാഗമായി പുഴയില്‍ അനുമതിയില്ലാതെ തടയണ നിര്‍മ്മിച്ച് സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന ആരോപണത്തില്‍ വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തിന് പുറമെ പി.വി അന്‍വറിന്റെ പാര്‍ക്കിനെതിരായ മലിനീകരണ ബോര്‍ഡിന്റെ കണ്ടത്തലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്.