രോഹിന്‍ഗ്യകള്‍ അഭയാര്‍ഥികള്‍ അല്ല അനധികൃത കുടിയേറ്റക്കാര്‍ തന്നെ; നിലപാടിലുറച്ച് കേന്ദ്രം
രോഹിന്‍ഗ്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രോഹിന്‍ഗ്യകള്‍ അഭയാര്‍ഥികള്‍ അല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുറന്നടിച്ചു.
രോഹിന്‍ഗ്യകളെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ തയാറായിരിക്കെ അവരെ തിരിച്ചയക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും അഭയാര്‍ഥി പദവി കിട്ടുന്നതിന് കൃത്യമായി നടപടിക്രമങ്ങളുണ്ട്. ഇവിടെയുള്ള അനധികൃത കുടിയേറ്റക്കാരാരും ഈ നടപടികളിലൂടെ പോയിട്ടില്ല. രോഹിന്‍ഗ്യകളുടെ വിഷയത്തില്‍ ഇന്ത്യ യാതൊരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണെന്നതാണ് രാജ്‌നാഥിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. ഒട്ടേറെ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഐഎസ്‌ഐ, ഐഎസ് ഉള്‍പ്പെടെയുള്ള വിധ്വംസക സംഘടനകളുടെ ഇന്ത്യാവിരുദ്ധ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രം നേരത്തെ സത്യവാങ്മൂലം നല്‍കിയത്.
ഹവാല പണമിടപാട്, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് (വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്) സംഘടിപ്പിക്കല്‍, മനുഷ്യക്കടത്ത് തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നുണ്ട്. തീവ്രനിലപാടുകാരായ രോഹിന്‍ഗ്യകള്‍ ഇന്ത്യയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരത്വമുള്ള ബുദ്ധമതക്കാരെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. രോഹിന്‍ഗ്യകള്‍ ജമ്മുവിലും ഡല്‍ഹിയിലും ഹൈദരാബാദിലും സജീവമാണ്. ഇവര്‍ ആഭ്യന്തര സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.