ഇന്ത്യക്ക് വീണ്ടും വിജയം ; ആസ്ട്രേലിയയുടെ തോല്‍വി 50 റണ്‍സിന് ; കുല്‍ദീപിന് ഹാട്രിക്ക്
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 50 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടുവെച്ച 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43.1 ഓവറില്‍ 202 റണ്‍സിന് എല്ലാവരും പുറത്തായി. ഹാട്രിക് നേടിയ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്.ഭുവനേശ്വര്‍ കുമാര്‍ മൂന്നും ചഹാല്‍, പാണ്ഡ്യെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 6.1 ഓവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. പുറത്താവാതെ 62 റണ്‍സ് നേടിയ മാര്‍ക് സ്‌റ്റോയിന്‍സ് ഒറ്റയൊരാള്‍ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് ഓസീസിന് തിരിച്ചടിയായി.
1991ന് ശേഷം ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. ഇതിന് മുമ്പ് ചേതന്‍ ശര്‍മ്മയും കപില്‍ദേവുമാണ് ഇന്ത്യക്കായി ഏകദനിത്തില്‍ ഹാട്രിക് വിക്കറ്റ് പിഴുതിട്ടുള്ളത്. ചേതന്‍ ശര്‍മ്മ 1987ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയും കപില്‍ ദേവ് 1991ല്‍ ശ്രീലങ്കക്കെതിരെയുമാണ് ഹാട്രിക് തികച്ചത്. 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് ജയിച്ച് നായകന്‍ കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.