പുക വലിക്കരുത്.. വലിക്കാതിരിക്കാന്‍ പറയുകയുമരുത്; വലിയ വില കൊടുക്കേണ്ടി വരും ഈ യുവാവിനെ പോലെ

പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് ഉപദേശിച്ച 21കാരനെ രോഷാകുലനായ അഭിഭാഷകന്‍ കാറിടിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ഫോട്ടോഗ്രഫി വിദ്യാര്‍ഥിയായ ഗുര്‍പ്രീത് സിങാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പഞ്ചാബിലെ ഭാട്ടിന്‍ഡ സ്വദേശിയും ഡല്‍ഹി കോളജ് ഓഫ് ഫോട്ടോഗ്രഫിയിലെ വിദ്യാര്‍ഥിയുമായ ഗുര്‍പ്രീത് സിങും സുഹൃത്ത് മണീന്ദര്‍ സിങും സഞ്ചരിച്ച ബൈക്കാണ് അകടത്തില്‍ പെട്ടത്. ഇരുവരും ചേര്‍ന്ന് ചെയ്യുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിനായി എ.ഐ.ഐ.എം.എസ്. സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം. ബൈക്കില്‍ കാറിടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായാറാഴ്ചയാണ് ഗുര്‍പ്രീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിനു ശേഷം ഗുര്‍പ്രീത് മരണത്തിന് കീഴങ്ങുകയായിരുന്നു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അഭിഭാഷകനായ റോഹിത് കൃഷ്ണ മഹാന്തയെ പോലീസ് സംഭവ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് പരിക്കേറ്റയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.

അപകടം നടക്കുന്ന സമയം ഗുര്‍പ്രീതിന്റെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. അയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലൊക്കേഷന്‍ കണ്ടിറങ്ങി ഭക്ഷണം കഴിച്ചശേഷം ഒരാളുമായി വാക്കേറ്റമുണ്ടായതായി ചികിത്സയില്‍ കഴിയുന്ന മണീന്ദര്‍ പറഞ്ഞു. ഹോട്ടലിന്റെ പുറത്തുനിന്ന് പുകവലിച്ചയാള്‍ ഗുര്‍പ്രീതിന്റെ മുഖത്തേയ്ക്ക് പുകയൂതി. തുടര്‍ന്ന് പൊതുസ്ഥലത്ത് നിന്ന് പുകവലിക്കരുതെന്ന് അയാളോട് ഗുര്‍പ്രീത് പറഞ്ഞതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്.

ഇതിനുശേഷം, പിന്നാലെ കാറുമായെത്തി അഭിഭാഷകന്‍ ഗുര്‍പ്രീതും മണീന്ദറും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ചു വീണതിനെ തുടര്‍ന്ന് അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നോക്കിയെന്നും മണീന്ദര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.