വിമാനം വൈകി.. കണ്ടില്ലേ ഇത്രയേ ഉള്ളു പോരാട്ടം; വര്‍ഗീയ നിറം ചാര്‍ത്തിയതു കണ്ടില്ലേ അത്രയേ ഉള്ളൂ.. വേങ്ങരയില്‍ പോരാട്ടം കനക്കുന്നു
വേങ്ങരയില്‍ പോര് കനക്കുകയാണ്. പ്രധാന സ്ഥാനാര്‍ഥികളെല്ലാം പത്രിക സമര്‍പ്പിച്ചതോടെ വേങ്ങര ഉപരതെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിലെത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഭരണവും ഫാസിസ്റ്റ് ശക്തികളുടെ കടന്നു കയറ്റവും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ചൂടുറ്റ ചര്‍ച്ചാ വിഷയമാകും.
സംഘപരിവാര്‍ ഭീഷണിയെ ചെറുക്കാന്‍ ലീഗീനാകില്ലെന്ന പതിവു പ്രചാരണം തന്നെയാണ് വേങ്ങരയില്‍ ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുക. കൂടാതെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ വോട്ട് ചെയ്യാത്ത വിഷയവും വലിയ തോതില്‍ പ്രചാരണ രംഗത്ത് ഇടതുമുന്നണി ഉപയോഗിക്കും.
വിമാനം വൈകിയെന്ന കാരണമായിരുന്നു ലീഗ് എം.പിമാര്‍ ഈ വിഷയത്തില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ലീഗിന് സംഘപരിവാരിനെതിരായ പോരാട്ടം നയിക്കുന്നതില്‍ ഇത്ര പ്രാധാന്യമേ ഉള്ളൂവെന്നു സ്ഥാപിക്കാനാകും ഇടതുമുന്നണി ശ്രമം. ഇതിനോടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗിലുണ്ടാക്കിയ പ്രശ്‌നങ്ങളും മുതലാക്കാനാകുമെന്ന പ്രതീക്ഷയും ഇടതു ക്യാംപിലുണ്ട്. ലീഗ് വിമതനായി രംഗത്ത് എത്തിയ എസ്.ടിയു നേതാവ് മത്സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഭൂരിപക്ഷം കുറയ്ക്കാമെന്നും ഇടതു ക്യാംപ് വിലയിരുത്തുന്നുണ്ട്.
എന്നാല്‍ സംസ്ഥാന നേതാക്കളെ മുഴുവന്‍ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട് യു.ഡി.എഫ്. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് നടന്ന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കെടുക്കുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ലീഗിന്റെ ഉരുക്കു കോട്ടയില്‍ ഒരു തരത്തിലും വിള്ളലുണ്ടാക്കിയിട്ടില്ലെന്നാണ് യു.ഡി.എഫ്. പക്ഷം തറപ്പിച്ചു പറയുന്നത്.
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ വിജയത്തെ ഇടതു നേതാക്കള്‍ വര്‍ഗീയമായി മാറ്റിയത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രചാരണത്തില്‍ ലീഗ് ഉയര്‍ത്തിക്കാട്ടുന്ന വിഷയം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ എന്നിവര്‍ കുഞ്ഞാലിക്കുട്ടിയുടെ വിജയം മുസ്ലീം വോട്ടുകളുടെ ധ്രുവീകരണം മൂലമാണെന്ന വിലയിരുത്തലും നടത്തിയിരുന്നു.
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് കടകംപള്ളിയും പറഞ്ഞു. ഇതു വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണമാക്കാനാണ് ലീഗ് തീരുമാനം. ഇടതുമുന്നണി നേതാക്കള്‍ മലപ്പുറത്തെ അപമാനിച്ചുവെന്ന് അന്നേ വലിയ പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വേങ്ങരയില്‍ 2016 ല്‍ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷത്തില്‍ നിന്ന് ഒരു വോട്ട് പോലും കുറയുന്ന കാര്യം ലീഗിനെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യത്തില്‍ തലവേദനയാകും. എന്നാല്‍ ഭൂരിപക്ഷത്തില്‍ നല്ല കുറവ് വരുത്തിയാല്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോലം ലീഗ് കോട്ടയിലുള്ള വിജയം എന്നതിലുപരി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ രാഷ്ട്രീയമായി വളരെയധികം ഗുണമേകുന്നതുമാകും.