റോഡരികില്‍ നിന്ന് ഹെല്‍മെറ്റ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഐഎസ്‌ഐ മുദ്ര നിര്‍ബന്ധം…

തിരുവനന്തപുരം: ഇനി മുതല്‍ ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റ് വെച്ചാല്‍ മാത്രം പോരാ, അത് ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മറ്റുകള്‍ തന്നെയാവണം. റോഡുകളിലെ സുരക്ഷ കര്‍ശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്.

വിപണിയിലെത്തുന്നത് ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മറ്റുകള്‍ മാത്രമാണെന്ന് ഉറപ്പാക്കണമെന്നും വ്യാജ മുദ്രകള്‍ പതിച്ചതും ഗുണമേന്‍മയില്ലാത്തതുമായ ഹെല്‍മറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെയില്‍ ടാക്‌സ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നല്‍കി. നിയമം നടപ്പിലാകുന്നുണ്ടോയെന്നു ഗതാഗത വകുപ്പ് പരിശോധിക്കും. നിയമലംഘനം നടത്തുന്നവരില്‍നിന്നു പിഴ ഈടാക്കാനും തീരുമാനിച്ചു.

ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ കമ്മറ്റിയുടെ ഇടപെടല്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിക്കുകയാണെന്നു ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പിഴ ഒഴിവാക്കാനായാണ് വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് വാങ്ങുന്നത്. ചെറിയൊരു അപകടത്തില്‍തന്നെ പൊട്ടിപ്പോകുന്ന ഹെല്‍മറ്റുകള്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. ഇത്തരം ഹെല്‍മറ്റുകളിലെ ഐ.എസ്.ഐ. മുദ്രകള്‍ വ്യാജമാണ്. ഐ.എസ്.ഐ. മുദ്രകള്‍ കൃത്യമാണോയെന്നു രേഖകള്‍ പരിശോധിച്ചു കണ്ടെത്തണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 39,420 വാഹന അപകടങ്ങളുണ്ടായതില്‍ ഇരുചക്രവാഹനങ്ങള്‍ കാരണമുണ്ടായ അപകടങ്ങള്‍ 14,849 ആണ്. 1,474 പേര്‍ അപകടങ്ങളില്‍ മരിച്ചു. 15,591 പേര്‍ക്ക് പരുക്കേറ്റു.