ദാവൂദ് പാക്കിസ്ഥാനിലുണ്ട്: വെളിപ്പെടുത്തലുമായി സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍, ഇന്ത്യയുടെ കണ്ടെത്തല്‍ ശരിവെയ്ക്കുന്നത്‌

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നു പിടിയിലായ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍. ചോദ്യം ചെയ്യലില്‍ കസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗവും താനെ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗവും അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയില്‍ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ പക്‌മോഡിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍ നിന്നാണു കസ്‌കറെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്‌കര്‍ പങ്കുവെച്ചു.

ഫോണ്‍ ചോര്‍ത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്‌കര്‍ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

കെട്ടിട നിര്‍മാതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്‌കര്‍ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്‌കര്‍ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.