അത്ഭുതമായ ദൈവ കൃപ തനിക്കൊപ്പമുണ്ടായിരുന്നു, അത് കൊണ്ടാണ് ഭീകരര്‍ തന്നെ ഒരിക്കല്‍പ്പോലും ഉപദ്രവിക്കാതിരുന്നതെന്നു ഫാ.ടോം ഉഴുന്നാലില്‍

വത്തിക്കാന്‍: അത്ഭുതകരമായ ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഭീകരര്‍ തന്നെ ഉപദ്രവിക്കാതിരുന്നതെന്ന് ഫാ. ടോം ഉഴുന്നാലില്‍. വത്തിക്കാനിലെ സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എല്ലാം പ്രതിസന്ധികളില്‍ നിന്നും തന്നെ മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരരുടെ ഭാഗത്ത് നിന്നും ഒരു ഘട്ടത്തിലും തനിക്കു പീഡാനുഭവങ്ങള്‍ ഉണ്ടായില്ല. സംഭവം നടന്ന ദിവസം യമനിലെ ദൈവാലയത്തില്‍ നിന്നും ഭീകരില്‍ ചിലര്‍ തന്റെ കൈകാലുകളും കണ്ണുകളും വലിഞ്ഞുകെട്ടി അവര്‍ വന്ന ട്രക്കിന്റെ ഡിക്കിയിലേക്ക് എറിയുകയായിരുന്നു. അതോടൊപ്പം ദൈവാലയത്തിലെ സക്രാരിയും അവര്‍ അതിനകത്ത് ഇട്ടിരുന്നു. ഭീകരരുടെ താവളത്തിലേക്ക് കണ്ണുകള്‍ മൂടി കെട്ടിയാണ് കൊണ്ടുപോയത്. മോശമായി ഒരിക്കല്‍പോലും അവര്‍ തന്നോട് പെരുറിയിട്ടില്ല.

കണ്ണുകെട്ടി മുഖത്ത് അടിക്കുന്നതുപോലെ നടിച്ച് ചിത്രീകരിച്ച വീഡിയോ അവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഒരിക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചില്ല. താന്‍ കടുത്ത പ്രമേഹരോഗിയാണെന്ന് മനസിലായപ്പോള്‍ 238 ഗുളികയും ആവശ്യമായ ഇന്‍സുലിനും അവര്‍ നല്കി. ഈ മരുന്നുകളൊന്നും ലഭ്യമല്ലാത്ത പ്രദേശമായിരുന്നിട്ടും എവിടെനിന്നാണ് അവരത് സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും ഫാദര്‍ പറഞ്ഞു.

മോചനദ്രവ്യം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തിരിക്കണം. അറബിയിലാണ് അവര്‍ എന്നോട് സംസാരിച്ചത്. ഇടക്ക് ചില ഇംഗ്ലീഷ് വാക്കുകള്‍ സംസാരിക്കും. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ പിന്നീട് അവര്‍ ഉപദ്രവിക്കാനും ശ്രമിച്ചില്ല. ഇതിനിടയില്‍ മൂന്ന് സ്ഥലത്തേക്കെങ്കിലും കണ്ണുകെട്ടി കൊണ്ടുപോയിട്ടുണ്ടാകണം. ഈ സമയങ്ങളിലെല്ലാം ശക്തമായ പ്രാര്‍ത്ഥനയായിരുന്നു എന്നെ ബലപ്പെടുത്തിയത്. വേറൊന്നും ചെയ്യാതിരുന്നാല്‍ മനസ് ക്രമപ്പെടുത്താന്‍ മുമ്പ് ചെയ്തിരുന്ന കമ്മ്യൂണിക്കേഷന്‍സിന്റെ കാര്യങ്ങളും വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളും ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു.

ഒരിടത്ത് ഓരേവസ്ത്രങ്ങളോടെ ദിവസങ്ങളോളം ഇരുന്നതുകൊണ്ട് ശരീരം സ്വതന്ത്രമായി ചലിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ചില വ്യായാമമുറകള്‍ ചെയ്യാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. ഭക്ഷണത്തിനൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. എങ്ങനെ ആര് ഇടപെട്ടിട്ടാണ് തന്നെ മോചിപ്പിച്ചതെന്നും അറിയില്ലെന്നും ഫാ.ടോം കൂട്ടിച്ചേര്‍ത്തു.

ഒരു സാഹാഹ്നത്തില്‍ അവര്‍ വന്ന് താങ്കളെ മോചിപ്പിക്കുന്നു എന്ന് എന്നോട് പറയുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തെല്ലും മനസിലായില്ല. ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെത്തിയപ്പോഴാണ് ഒമാന്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നാവുമെന്ന് മനസിലാകുന്നത്. അപ്പോഴേക്കും ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയ്ക്കായി ഓടിയെത്തിയിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലേക്ക് വരും. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുപോയതിനാല്‍ ഇത് ക്രമപ്പെടുത്തിയെടുക്കാനാണ് ഈ താമസം. ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം തോന്നിയത് മാര്‍പാപ്പയെ കണ്ടപ്പോഴും അദ്ദേഹം കെട്ടിപ്പിടിച്ച് കരം ചുംബിച്ചപ്പോഴുമാണ്. തീര്‍ത്തും സാധാരണക്കാരനായ എന്നെ അദ്ദേഹം എത്രമാത്രം മാനിച്ചിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ മനസിലുണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. എനിക്ക് നേരിട്ട എല്ലാ അനുഭവങ്ങളും നന്മയ്ക്കാണെന്ന് ഞാന്‍ മനസിലാക്കുന്നു. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരെയും ദിവ്യബലിയില്‍ ഓര്‍ത്തവരെയും ഉപവസിച്ചവരെയും നന്ദിയോടെ ഓര്‍ക്കുന്നതായും അദേഹം പറഞ്ഞു.

ഫാദര്‍ ടോം ഉഴുന്നാലില്‍ വാക്കുകളില്‍ ദൈവ കൃപ സ്പുരിച്ചു കൊണ്ടാണ് ഭീകരരോടൊപ്പമുള്ള തന്റെ ഓര്‍മകളെ വിവരിക്കുന്നത്. അത് പറയുമ്പോഴും ഫാദറിന്റെ കണ്ണുകളില്‍ അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ തിളക്കമുണ്ടായിരുന്നു.