ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇന്നു ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. നഗരസഭാ സെക്രട്ടറിയടക്കം നാലു പേരെ സസ്‌പെന്റു ചെയ്‌തേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. കൗണ്‍സില്‍ യോഗം തുടരുകയാണ്.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ 26 കെട്ടിടങ്ങള്‍ ഉണ്ടെന്നും അതില്‍ അഞ്ചെണ്ണം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ലേക്ക് പാലസിലെ അനധികൃത നിര്‍മ്മാണവും കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ നഗരസഭയില്‍ നിന്നും ഇതു സംബന്ധിച്ച ഫയലുകള്‍ അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് ഇവ തിരിച്ചെത്തിയെങ്കിലും ആധാരങ്ങള്‍ അടക്കം പലതും നഷ്ടപ്പെട്ട നിലയിലായിരുന്നു.