ഡി സിനിമാസ്: പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല, വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ദിലീപിന് ആശ്വാസം

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഡി സിനിമാസില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡി സിനിമാസിന്റെ കാര്യത്തില്‍ മുന്‍ ജില്ലാ കലക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ഡി സിനിമാസില്‍ കയ്യേറ്റമുണ്ടെന്ന കേസ് തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 27ന് പരിഗണിക്കാനിരിക്കേയാണ് നിലവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്‍ കലക്ടര്‍ എം.എസ്. ജയ, ദിലീപ് എന്നിവരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തോടെയായിരിക്കും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡിസിനിമാസിന്റെ മറവില്‍ ഭൂമി കയ്യേറ്റമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഇത് പരിശോധിച്ച ജില്ലാ സര്‍വേയറും ഭൂമി കയ്യേറ്റമുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ഡിസിനിമാസിന്റെ കൈവശമുള്ളത്. ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയുമില്ല. ഒരു മാസം നീണ്ട സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് കൈമാറിയത്.