ചൈനയിലെ തടാകത്തിനു നിറം മാറ്റം; പിങ്ക് നിറത്തിലായ തടാകം കാണാന്‍ വന്‍ സന്ദര്‍ശക തിരക്ക്

ബീജിങ് : പിങ്ക് നിറത്തിലുള്ള തടാകം കാണണമെങ്കില്‍ നേരെ ചൈനക്ക് വണ്ടി വിട്ടോളു. ചൈനയിലെ പ്രശസ്തമായ യെന്‍ചെങ് ലവണ തടാകത്തിന്റെ ഒരു ഭാഗത്തിന്റെ നിറം ഇപ്പോള്‍ പിങ്കാണ്. മറുഭാഗം പച്ചനിറത്തിലുമാണ്. ചൈനയുടെ ചാവുകടല്‍ എന്നാണ് യെന്‍ചെങ് ലവണതടാകം അറിയപ്പെടുന്നത്.
‘ഡുനാലില്ല സലൈന’ എന്ന ആല്‍ഗയുടെ സാന്നിദ്ധ്യമാണ് യെന്‍ചെങ് തടാകത്തിന് പിങ്ക് നിറം നല്‍കിയത്.

സോഡിയം സള്‍ഫേറ്റിന്റെ സാന്നിദ്ധ്യമുള്ള ലോകത്തെ മൂന്നു തടാകങ്ങളില്‍ ഒന്നാണിത്.ആല്‍ഗയുടെ സാന്നിദ്ധ്യത്തോടെയാണ് തടാകത്തിന്റെ ഒരുഭാഗം പിങ്കായി മാറിയതെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ യെന്‍ചെങ് നഗരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞവര്‍ഷവും തടാകത്തിന് നിറം മാറ്റം സംഭവിച്ചിരുന്നു. അന്ന് കടും ചുവപ്പ് നിറമായിരുന്നു തടാകത്തിന്. 132 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വിസ്തീര്‍ണം. അഞ്ഞൂറു വര്‍ഷം മുന്‍പാണ് ഈ തടാകം തടാകം രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ചാവുകടലിന് സമാനമാണ് ഈ തടാകത്തിന്റെ ലവണാംശവും. അത് കൊണ്ട് തന്നെ തടാകത്തില്‍ ഇറങ്ങിയാലും ആളുകള്‍ മുങ്ങിപ്പോകില്ല. ചൈനയുടെ ചാവുകടല്‍ എന്ന പേരിലും ഈ തടാകം പ്രശസ്തമാണ്. നിറം മാറിയ തടാകത്തെ കാണാന്‍ സന്ദര്‍ശകരുടെ വാന്‍ തിരക്കാണിപ്പോള്‍.

വീഡിയോ കാണാം