വേങ്ങരയില്‍ മുസ്ലിം ലീഗിന് തിരിച്ചടിയായി വിമത സ്ഥാനാര്‍ത്ഥി രംഗത്ത്
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ കെ.എന്‍.എ ഖാദറിന് വെല്ലുവിളിയായി വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. അഡ്വക്കേറ്റ് കെ.ഹംസയാണ് ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹംസ ഇന്ന് പത്രിക സമര്‍പ്പിച്ചു.
മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വന്‍ വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം. അതിനിടയിലാണ് പ്രതിസന്ധി സൃഷ്ടിച്ച് വിമത സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിരിക്കുന്നത്.
ഈ മാസം 18 നാണ് കെ.എന്‍.എ ഖാദറിനെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ലീഗ് സംസ്ഥാന സെക്രട്ടറിയായ യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥായാകുമെന്നായിരുന്നു സൂചന. എന്നാല്‍ അവസാന നിമിഷം ഉണ്ടായ നീക്കങ്ങളിലൂടെ കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുകയായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പി.പി ബഷീര്‍ തന്നെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. എന്‍.ഡി.എ സഖ്യത്തിന് വേണ്ടി ബി.ജെ.പിയുടെ ജനചന്ദ്ര മാസ്റ്റര്‍ മത്സരരംഗത്തിറങ്ങും. എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഈ മാസം 20 നും ജനചന്ദ്ര മാസ്റ്റര്‍ ഇന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഒക്ടോബര്‍ 11 നാണ് വേങ്ങരയിലെ വോട്ടെടുപ്പ്. 15 ന് ഫലപ്രഖ്യാപനം നടക്കും.