അലിന്‍ഡ് ഭൂമി പാട്ടക്കരാര്‍ പുതുക്കല്‍; സര്‍ക്കാരില്‍ തന്നെ ഭിന്നാഭിപ്രായം

കുണ്ടറയിലെ അലിന്‍ഡ് ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പട്ടു സര്‍ക്കാരില്‍ തന്നെ ഭിന്നത. പാട്ടക്കരാര്‍ പുതുക്കി നല്‍കണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യു വകുപ്പ് തള്ളി.

എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിസഭായോഗമാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

കുണ്ടറ അലിന്‍ഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് ഇതോടെ പുറത്തുവന്നത്. പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയിലെ ഫാക്ടറി തുറക്കുന്നതിനു സൊമാനി ഗ്രൂപ്പിന് അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പാട്ടക്കരാര്‍ പുതുക്കേണ്ട എന്നു തീരുമാനിച്ചത്.

റവന്യുമന്ത്രിയെ ഉള്‍പ്പെടുത്താതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട് അട്ടിമറിച്ച് സൊമാനി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുത്തത്. വിജിലന്‍സ് റിപ്പോര്‍ട്ടടക്കം പുറത്തുവന്നതോടെ അലിന്‍ഡിന്റെ ഭൂമിയില്‍ കണ്ണുവച്ചുള്ള സൊമാനി ഗ്രൂപ്പിന്റെ നീക്കത്തിന് റവന്യുവകുപ്പ് തടയിട്ടു.

എന്നാല്‍ ഇതല്ല സര്‍ക്കാരിന്റെ നിലപാടെന്നാണ് ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി ഇപ്പോഴും കുണ്ടറ അലിന്‍ഡ് വിഷയത്തില്‍ മൗനത്തിലാണ്.