ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച്  കാനം രാജേന്ദ്രന്‍

കോഴിക്കോട്: ബി.ഡി.ജെ.എസുമായുള്ള സഹകരണ സാധ്യതക്ക് വാതില്‍ തുറന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ഡി.ജെ.എസിന് പുനര്‍വിചിന്തനമുണ്ടായാല്‍ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും കാനം പറഞ്ഞു.ബി.ജെ.പിയുമായി ബിഡിജെഎസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.

ബി.ഡി.ജെ.എസ് ഇടത് മുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കാനത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയയുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നത്തിയതിന് പിന്നാലെയാണ് മുന്നണിയിലെ രണ്ടാം കക്ഷി നിലപാട് വ്യക്തമാക്കുന്നത്.

ബി.ഡി.ജെ.എസിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഒരു പടി കൂടി കടന്നുള്ള കാനത്തിന്റെ പ്രതികരണം.
എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. എന്‍.ഡി.എ വിടുമെന്ന സൂചന നിലനില്‍ക്കെ ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.