ഉത്തരകൊറിയക്കുമേല്‍ നിയന്ത്രണങ്ങളുമായി ചൈന; കയറ്റുമതി ചെയുന്ന എണ്ണയുടെ അളവില്‍ കുറവ് വരുത്തും
ബെയ്ജിങ്: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം 20 ലക്ഷം ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുമാണ് ചൈനയുടെ തീരുമാനം. ജനുവരി ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വരികയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന വ്യാപാരപങ്കാളിയാണ് ചൈന.
ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഭാഗമായാണ് ചൈനയുടെ നീക്കം.നിരന്തര ആണവ- മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.നിലവില്‍ ചൈന, ഉത്തരകൊറിയയിലേക്ക് കയറ്റി അയക്കുന്ന എണ്ണയുടെ അളവ് എത്രയാണെന്നുള്ള കാര്യം വ്യക്തമല്ല.
ഉത്തരകൊറിയയില്‍നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചിട്ടുള്ളതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സാണ് തുണിത്തരങ്ങളുടെ കയറ്റുമതി.