തടവുകാരുടെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു ഹരിശ്രീ അശോകന്‍

റിയാദ് : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് വിഷയം മാധ്യമങ്ങള്‍ക്ക് കച്ചവടമാണെന്ന് നടന്‍ ഹരിശ്രീ അശോകന്‍. അന്തിമ വിധി വരുന്നതിനു മുമ്പ് ദിലീപിനെ ശിക്ഷിക്കരുതെന്ന് ഹരിശ്രീ പറഞ്ഞു. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച സമയം തടവുകാരുടെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞു എന്നും തന്നെ കണ്ടപ്പോള്‍ ദിലീപും വിതുമ്പിയെന്നും ഹരിശ്രി പറയുന്നു. റണ്‍വേ സിനിമയിലേക്ക് ദിലീപിനെ ഞാന്‍ ആദ്യമായി ജയില്‍പുള്ളിയുടെ വേഷത്തില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ കാണേണ്ടി വന്നത് എനിക്ക് സഹിക്കാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താടാ ദിലീപേ ഇത് എന്നു ചോദിച്ചപ്പോള്‍ എനിക്കൊന്നുമറിയില്ല അശോകേട്ടാ എന്നായിരുന്നു മറുപടി.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നീ പ്രാര്‍ത്ഥിക്കുക. ഞാനും കുടുംബവും പ്രാര്‍ത്ഥിക്കും. അനുവദിച്ച് കിട്ടിയ പതിനഞ്ചു മിനിറ്റ് കണ്ണുകള്‍ നിറച്ച് പരസ്പരം നോക്കി നിന്നു. ദിലീപിനെ ജയിലില്‍ പോയി കാണുന്നതിന് ആരെയും പേടിയില്ല. നിയമം ലംഘിച്ചല്ല, നിയമപരമായി കാണാനുള്ള അനുമതി തേടിയാണ് അനുമതി തേടിയാണ് സന്ദര്‍ശനം നടത്തുന്നത്. അവസരം ഒത്തുവന്നാല്‍ ഇനിയും സന്ദര്‍ശനം നടത്തും.‘ ജനങ്ങള്‍ ദിലീപിനെതിരാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സ്ത്രീകള്‍ ദുഃഖത്തോടെയും ഉത്കണ്ഠയോടെയുമാണ് ദിലീപിനെക്കുറിച്ച് ചോദിക്കുന്നതെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. ദിലീപ് തെറ്റു ചെയ്തിട്ടില്ലെന്നാണ് തന്റെ മനസ്സു പറയുന്നത്. തെറ്റ് ചെയ്‌തെന്ന് കോടതി കണ്ടെത്തും മുമ്പ് മാധ്യമങ്ങളും ജനങ്ങളും ദിലീപിനെ വിചാരണ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.