റാം റഹീമിനു പിന്നാലെ അടുത്ത കപട സ്വാമിയും അഴിയ്ക്കുള്ളിലേയ്ക്ക്; കേസുകളിലും സമാനത

റാം റഹിമിനു പിന്നാലെ രാജസ്ഥാനില്‍ മറ്റൊരു ആള്‍ദൈവം കൂടി അറസ്റ്റില്‍. ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി ബാബയെന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരി നല്‍കിയ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി പഴങ്ങള്‍ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലാണ് ഈ സ്വാമിക്ക് ‘ഫലാഹാരി ബാബ’ എന്ന വിളിപ്പേരു വന്നതിനു പിന്നില്‍.

അറസ്റ്റ് ഉറപ്പായതോടെ ‘കടുത്ത രക്തസമ്മര്‍ദ’വുമായി ഇയാള്‍ ആശുപത്രിയില്‍ അഭയംതേടിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു ബാബയുടെ ദിവ്യധാം ആശ്രമത്തിലാണു കേസിനാസ്പദമായ സംഭവം.

യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷത്തിലേറെയായി ബാബയുടെ അനുയായികളാണ്. ബാബ ഇവരുടെ വീട്ടില്‍ പലതവണ തങ്ങുകയും ചെയ്തിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയായ യുവതിക്ക് ഇന്റേണ്‍ഷിപ് കാലത്ത് ആദ്യ പ്രതിഫലമായി ലഭിച്ച 3,000 രൂപ ബാബയ്ക്കു സമര്‍പ്പിക്കുന്നതിനായാണ് ഓഗസ്റ്റ് ഏഴിന് ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാല്‍ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാല്‍ ആശ്രമത്തില്‍ തങ്ങാനും ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നു വൈകുന്നേരം മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നു പരാതിയില്‍ പറയുന്നു. ബാബയുടെ ഇടപെടല്‍ മൂലമാണു ഡല്‍ഹിയില്‍ യുവതിക്ക് ഇന്റേണ്‍ഷിപ് സൗകര്യം ലഭിച്ചത്. പുറത്തു പറയരുതെന്നു ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഗുര്‍മീത് റാം റഹിം സിങ് ജയിലിലായതോടെ പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. യുവതിയും മാതാപിതാക്കളും ഛത്തീസ്ഗഡ് ഡിജിപി എ.എന്‍.ഉപാധ്യായയെ നേരിട്ടുകണ്ടാണു പരാതി  നല്‍കിയത് .