അണ്ടര്‍ 17 ലോകകപ്പ് : സുരക്ഷാ യോഗം ഇന്ന്; സ്റ്റേഡിയം ഫിഫക്ക് കൈമാറുക തിങ്കളാഴ്ച, കാല്‍പ്പന്താരവത്തിന് കൊച്ചി ഒരുങ്ങി

കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും. എറണാകുളം ഐ.ജി ഓഫീസില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ വൈകീട്ട് ആറിനാണു യോഗം നടക്കുക.

ഫിഫനിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. സുരക്ഷയൊരുക്കുന്നത് പരിഗണിച്ച് മല്‍സര ദിവസങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാകും സ്റ്റേഡിയത്തിലും ചുറ്റുപാടിലും പ്രവേശനാനുമതി നല്‍കുക. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിന്റെ സര്‍ക്കിള്‍ റോഡിലേക്കുപോലും പ്രവേശനാനുമതിയുണ്ടാകില്ല. വാഹനങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല.
സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ലോകകപ്പ് വേദിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം സെപ്തംബര്‍ 25 ന് ഫിഫയ്ക്ക് ഔപചാരികമായി കൈമാറുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കുന്ന നടപടികളാണ് ഇനിയുള്ളത്.25-നു മുന്‍പ് തന്നെ ഇതും പൂര്‍ത്തിയാകും. ഫിഫയുടെ നിര്‍ദേശപ്രകാരം പശ്ചാത്തല സൗകര്യങ്ങള്‍ ക്രമീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി ലോകകപ്പ് നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു.

ടൂര്‍ണമെന്റിന്റെ പ്രചാരണ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങളും സംഘാടകര്‍ പൂര്‍ത്തിയാക്കി. 27 ന് സംസ്ഥാനത്ത് ‘വണ്‍ മില്യണ്‍ ഗോള്‍’ പരിപാടി നടത്തും. കായികരംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കുന്ന ‘ബോള്‍ റണ്‍’ ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. ഇതേദിവസം കാസര്‍കോട് നിന്നും ദീപശിഖാറാലിയും ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

എം.എല്‍.എമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ തമ്മിലുള്ള സെലിബ്രിറ്റി മത്സരവും ഇതോടനുബന്ധിച്ച് നടത്തും. നിയമസഭാ സാമാജികരുടെ ഫുട്ബാള്‍ മത്സരത്തില്‍ ഒരുടീമിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മറുടീമിനെ മുഖ്യമന്ത്രി പിണറായി വിജയനും നയിക്കും.