ഓസീസിനെ ‘കറക്കി’ വീഴ്ത്തിയ ഇന്ത്യ, മൂന്നാം മത്സരത്തില്‍ ‘അടിച്ചു’ വീഴ്ത്തുമോ; മൂന്നാം ഏകദിനം നാളെ
ഇന്‍ഡോര്‍ : കഴിഞ്ഞ രണ്ട് മത്സരത്തിലും ഓസീസിനെ ‘കറക്കി’ വീഴ്ത്തിയ ഇന്ത്യ, നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ആസ്‌ട്രേലിയയെ ‘അടിച്ചു’ വീഴ്ത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കാരണം ഇന്‍ഡോറിലെ പിച്ച് തന്നെയാണ്. ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണ് ഇന്‍ഡോറിലെ പിച്ച്. സംശയമുണ്ടെങ്കില്‍ വീരേന്ദര്‍ സേവാഗ് ഏകദിനത്തിലെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 219 റണ്‍സ് നേടിയ ഗ്രൗണ്ട് ഇന്‍ഡോര്‍ ആയിരുന്നു എന്ന് ഓര്‍ത്താല്‍ മതി.
ഇന്‍ഡോര്‍ ഹോല്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍.സ്പിന്നര്‍മാരുടെ കരുത്തില്‍ ഇതുവരെ സൃഷ്ടിച്ച തരംഗം ഈ ഗ്രൗണ്ടില്‍ ഇന്ത്യയെ തുണയ്ക്കുമോ? ബാറ്റിങ് പിച്ചെന്നു പേരുകേട്ട ഇവിടെ ഓസ്‌ട്രേലിയ ഇന്ത്യയെ മലര്‍ത്തിയടിക്കുമോ? എന്നാണു ആരാധകര്‍ക്കുള്ള ആകാംഷ.
ടീം ഇന്ത്യയ്ക്കു നേട്ടങ്ങളുടെ ഗ്രൗണ്ടാണിത്. 2011 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വീരേന്ദര്‍ സേവാഗിന്റെ 219 റണ്‍സ് ഇന്നിങ്‌സ് ഇവിടെ പിറന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇവിടെ നടന്ന കന്നി ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ വിരാട് കോഹ്ലി ഇരട്ടസെഞ്ചുറി (211) കുറിച്ചു. അതേ ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെ നേടിയതു 188 റണ്‍സ്. പക്ഷെ മൂന്നു മത്സരങ്ങളിലും വില്ലനായെത്തിയ മഴപ്പേടി ഇന്‍ഡോറിലുമുണ്ട്. ഈ ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്.