കാത്തരിപ്പിനൊടുവില്‍ ജിയോ ഫോണ്‍ ഒക്ടോബര്‍ ഒന്നിനെത്തും; ആദ്യ വില്‍പ്പന മുളന്തുരുത്തിയില്‍, ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ നല്‍കുക ഇങ്ങനെ
കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിയോഫോണ്‍ ഒടുവില്‍ വിപണിയിലെത്തുന്നു.ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ജിയോ ഫോണ്‍ നല്‍കി തുടങ്ങും. കേരളത്തില്‍ മുളന്തുരുത്തിയിലാണ് ജിയോഫോണിന്റെ ആദ്യ വില്‍പനയാരംഭിക്കുക. അതിനു ശേഷം മറ്റിടങ്ങളിലും ഫോണ്‍ വില്‍പന ആരംഭിക്കും. ബുക്ക് ചെയ്ത ക്രമനമ്പര്‍ അടിസ്ഥാനത്തിലായിരിക്കും വില്‍പന നടക്കുക. നേരത്തെ ഫോണ്‍ ബുക്ക് ചെറ്റത്തവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ജിയോപോയിന്റുകള്‍ വഴിയാണ് ഫോണുകള്‍ നല്‍കുക. പിന്‍ കോഡ് അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജിയോ പോയിന്റുകള്‍ വഴി ആളുകളുടെ കയ്യില്‍ ജിയോഫോണുകള്‍ നേരിട്ടെത്തിക്കും.
ജൂലായ് 21ന് ഔദ്യോഗികമായി അവതരിപ്പിച്ച ജിയോഫോണ്‍ രാജ്യത്തെ വിപണിയിലെത്തുന്ന ആദ്യത്തെ 4ജി ഫീച്ചര്‍ ഫോണ്‍ ആണ്. മൂന്ന് വര്‍ഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡിപോസിറ്റ് മാത്രം വാങ്ങിയാണ് ജിയോഫോണിന്റെ വില്‍പന. ഇതില്‍ 500 രൂപ നേരത്തെ വാങ്ങിയാണ് ഫോണിനായുള്ള ബുക്കിങ് നടത്തിയത്. ബാക്കിവരുന്ന 1000 രൂപ ഫോണ്‍ കയ്യില്‍ ലഭിക്കുമ്പോള്‍ നല്‍കണം.
നേരത്തെ സെപ്റ്റംബര്‍ 21ന് വില്‍പനയാരംഭിക്കുമെന്നറിയിച്ചിരുന്ന ജിയോഫോണ്‍ വീണ്ടും വൈകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഫോണുകള്‍ക്കായുള്ള പ്രീ ബുക്കിങ് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ഒരു കോടിയിലധികം ആവശ്യക്കാര്‍ ജിയോഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.