ആ ഭാഗ്യവാന്‍ മുസ്തഫയാണ്; 10കോടി ഓണം ബംമ്പര്‍ പരപ്പനങ്ങാടി സ്വദേശിക്ക്, ഭാഗ്യവാനെ കണ്ടെത്തി

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയാണ് ബംമ്പര്‍ അടിച്ച ഭാഗ്യവാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിന്റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്.

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്ന ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഒരു ലോട്ടറിക്ക് 250 രൂപയായിരുന്നു വില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. നികുതി കിഴിച്ച് ഏകദേശം ആറരക്കോടിയോളം രൂപ മുസ്തഫയ്ക്കു ലഭിക്കും.

സമ്മാനത്തുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കും. അതിൽനിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വിൽപനക്കാരനുള്ളതാണ്.

മഹാഭാഗ്യവാനെ തേടി കേരളം കാത്തിരിപ്പ് തുടരുകയായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ വിറ്റ ലോട്ടറി ടിക്കറ്റാണെന്നറിഞ്ഞതു മുതല്‍ നാട്ടുകാര്‍ ഭാഗ്യവാനാരന്നെറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കോട്ടന്തല പൂച്ചേങ്ങല്‍ക്കുന്നത്ത് ഖാലിദില്‍ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ്.