സൂക്ഷിക്കുക ; പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പുതിയതരം മലമ്പനി ലോകം മുഴുവന്‍ വ്യാപിക്കുന്നു
നിലവില്‍ ഉള്ള മരുന്നുകളോട് പ്രതിരോധശേഷി ആര്‍ജിച്ച പുതിയ തരം മലമ്പനി രോഗാണുവിന്റെ വ്യാപനം ആഗോളഭീഷണി ഉയര്‍ത്തുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് അപകടകരമായ രീതിയില്‍ പുതിയ ഇനം ഇനം മലമ്പനി പടരുന്നത്. കംബോഡിയയിലാണ് ഈ രോഗാണു സാന്നിധ്യം ആദ്യം കണ്ടത്. തായ്‌ലന്‍ഡ്, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കും രോഗം വളരെ വേഗം പടരുകയാണ്. ആര്‍ടിമിസിനിന്‍, പൈപ്പറാക്വിന്‍ എന്നീ മരുന്നുകളാണ് മലമ്പനി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇതില്‍ ആര്‍ടിമിസിനിന്‍ പുതിയ രോഗാണുവിനെ നേരിടുന്നതില്‍ ഫലപ്രദമാകുന്നില്ല.
പൈപ്പറാക്വിനിനെയും പ്രതിരോധിക്കാനുള്ള ശേഷി ഈ സൂപ്പര്‍ രോഗാണു കൈവരിച്ചത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയതായി ഗവേഷകര്‍ പറയുന്നു. കംബോഡിയയില്‍ 60 ശതമാനത്തോളം രോഗികളിലും ചികിത്സ പരാജയമാണ്. മരുന്നുകളുടെ പരാജയം ഇവിടെ വന്‍ദുരന്തം വിതയ്ക്കാനിടയുള്ളതായി ഓക്‌സ്ഫഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ റിസര്‍ച്ച് യൂണിറ്റ് മേധാവി പ്രൊ. അര്‍ജന്‍ ഡോന്‍ഡ്രോപ് പറയുന്നു. 1955-ല്‍ ലോക മലേറിയ നിര്‍മാര്‍ജന യജ്ഞത്തിന് ലോകാരോഗ്യ സംഘടന തുടക്കമിട്ടിട്ടുണ്ടെങ്കിലും രോഗം തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് രോഗാണുവിന്‍റെ രൂപമാറ്റം.